ഒരാഴ്ചയ്ക്കിടെ  എണ്‍പത് രൂപയോളമാണ് കോഴി ഇറച്ചിയുടെ വില കൂടിയത്. തമിഴ്നാട് ലോബി വില നിയന്ത്രിക്കുന്നതില്‍ ഇടപെടുന്നതാണ് കൃത്രിമമായി വില കൂടാനുള്ള കാരണമെന്നാണ്  വ്യാപാരികളുടെ ആരോപണം. 

കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ലീഗൽ മെട്രോളജി വിഭാഗവും സിവിൽ സപ്ലൈസും സംയുക്തമായി ഇറച്ചിക്കടകളിൽ പരിശോധന നടത്തി. പലയിടങ്ങളിലും പല വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ പരിശോധനകൾക്കെതിരെ വ്യാപാരികൾ രംഗത്തെത്തി. തമിഴ്നാടിലെ കോഴി ഫാം ലോബിയാണ് വില കൂട്ടുന്നതിന് പിന്നിലെന്ന് കോഴിക്കച്ചവടക്കാര്‍ ആരോപിച്ചു.
‍‌
ഒരാഴ്ചയ്ക്കിടെ എണ്‍പത് രൂപയോളമാണ് കോഴി ഇറച്ചിയുടെ വില കൂടിയത്. തമിഴ്നാട് ലോബി വില നിയന്ത്രിക്കുന്നതില്‍ ഇടപെടുന്നതാണ് കൃത്രിമമായി വില കൂടാനുള്ള കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ഫാമില്‍ 132 രൂപയാണ് കോഴിക്ക് വില. കടകളിലെത്തുമ്പോള്‍ ഇത് 142 രൂപയാവും. കോഴിക്കോട്ട് ഇറച്ചിയായി വിപണിയില്‍ വില്‍ക്കുന്നത് ഇപ്പോള്‍ 230 രൂപയ്ക്കാണ്. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ വില വ്യത്യാസമുണ്ട്. 

കോഴി ഇറച്ചിക്ക് പല വില ഈടക്കുന്നുവെന്ന പരാതിയില്‍ ലീഗല്‍ മെട്രോളജിവിഭാഗവും സിവില്‍ സപ്ലൈസും കോഴിക്കോട്ടെ 23 കടകളിലാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ വിലകൂട്ടി വില്‍പ്പന നടത്തുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വില ഏകീകരിക്കാന്‍ നടപടി എടുക്കാതെ കച്ചവടക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാര സംഘടനകള്‍ ആരോപിച്ചു. നഷ്ടം സഹിച്ച് കടകള്‍ തുറക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പെരുന്നാളിന് ശേഷം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അവര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം 3000 ഓളം കോഴിക്കച്ചവടക്കാരാണ് ഉള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona