തൃശ്ശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ ജില്ല  ജനറൽ സെക്രട്ടറി കേശവദാസാണ് പരാതിക്കാരൻ. കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നൽകിയിരിക്കുന്നത്.

കേശവദാസിൻ്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ദുരുപയോ​ഗം ചെയ്യുകയാണെന്നാണ് കേശവദാസ് നൽകിയ പരാതിയിൽ പറയുന്നത്.