കണ്ണൂര്‍: ആന്തൂർ നഗരസഭാ അധികൃതർക്കെതിരെ കണ്ണൂരിൽ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം. കോടികൾ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സന്റെ വൈരാഗ്യമാണെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചു. സി പി എമ്മിന് വേണ്ടി പ്രവർത്തിച്ചയാളെ പാർട്ടിക്കാർ തന്നെ ചതിച്ചു. പി ജയരാജന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.

നഗരസഭ അനുമതി പേപ്പര്‍ നല്‍കില്ലെന്ന ആശങ്കയിലായിരുന്നു സാജന്‍.  വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ കളിപ്പിച്ചുവെന്നും ഭാര്യ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരാണ് കൂടെ നിന്ന് ചതിച്ചതെന്നും ഭാര്യ പറയുന്നു. 

കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവർത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. 15  കൊല്ലത്തിലേറെ കാലം  നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കണ്‍വന്‍ഷൻ സെന്‍ററിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പരാതിയുമായി സജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചു. പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. ഒടുവില്‍ നിർമ്മാണം പൂർത്തിയാക്കി  കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവന്‍ ആരോപിക്കുന്നു.

മൂന്ന് മാസം മുന്‍പാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിച്ച്  കെട്ടിട നമ്പറിട്ട് നല്‍കാന്‍ നഗരസഭയെ സമീപിച്ചത്. പല തവണ നഗരസഭാ ഓഫിസ് കയറിയിറങ്ങിട്ടും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അനുമതി നീട്ടിക്കൊണ്ട് പോവുകയാരിുന്നു. നഗരസഭാ അധ്യക്ഷയെ കണ്ട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. 

ജീവിതക്കാലത്തെ മുഴുന്‍ സമ്പാദ്യവും വച്ച് തുടങ്ങിയ സംരഭം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ഇല്ലാതാവുന്ന അവസ്ഥയായതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുറച്ചു നാളുകളായി സജന്‍. 16 കോടി രുപയാണ് ആഡിറ്റോറിയത്തിനായി മുടക്കിയത്. തനിക്ക് മടുത്തുവെന്നും ഒന്നും നടക്കില്ലെന്നും കഴിഞ്ഞ ദിവസം സജന്‍  ഫോണില്‍ പറഞ്ഞിരുന്നതായി കെട്ടിട്ടം നിര്‍മ്മിച്ച പാര്‍ത്ഥാസ് ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിച്ചതിന് പക പോക്കുകയാണ് നഗരസഭ ചെയ്തെന്നാണ് പരാതി. അതേ സമയം സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെനന്നും അനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി കെ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭാധ്യക്ഷ പികെ ശ്യാമള. കോടിയേരി ബാലകൃഷ്ണനും പി ജയരാജനുമടക്കമുള്ള നേതാക്കളേയും പരാതിയുമായി സജന്‍ സമീപിച്ചിരുന്നു.