സഹയാത്രികർ ഒരുക്കിയ യാത്രയപ്പോടെ ഈ ഫ്ലാറ്റിനോടും തിരുവനന്തപുരം നഗരത്തോടും കേരളത്തോടും യാത്രപറയുകയാണ് കെ.എൻ പണിക്കർ.
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് കാലത്തെ തിരുവനന്തപുരം (trivandrum) ജീവിതത്തോട് വിട പറഞ്ഞ് ചരിത്രകാരൻ കെ.എൻ. പണിക്കർ (K. N. Panikkar) കേരളത്തിൽ നിന്ന് മടങ്ങി. ഭാര്യയുടെ മരണത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്നുള്ള മടക്കം. വിദ്യാഭ്യാസ രംഗത്ത് വിഭാവനം ചെയ്ത ചില ആശയങ്ങൾ നടപ്പാക്കാനാകാതെ പോയതിൽ നിരാശയുണ്ടെന്ന് സഹയാത്രികർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിനിടെ അദ്ദേഹം മനസ്സ് തുറന്നു. തിരുവനന്തപുരം കവടിയാർ നികുഞ്ജം ഫ്ലാറ്റിലെ 9ബി. വർഷങ്ങളായി ഈ ഫ്ലാറ്റിലാണ് ചരിത്രകാരനായ കെ.എൻ. പണിക്കർ താമസിക്കുന്നത്. സഹയാത്രികർ ഒരുക്കിയ യാത്രയപ്പോടെ ഈ ഫ്ലാറ്റിനോടും തിരുവനന്തപുരം നഗരത്തോടും കേരളത്തോടും യാത്രപറയുകയാണ് കെ.എൻ പണിക്കർ.
1996-2001ലെ ഇ.കെ. നായനാർ സർക്കാരിന്റെ അവസാനകാലത്താണ് കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായാണ് അദ്ദേഹം കേരളത്തിലെത്തിയത്. നാലു വർഷം വൈസ് ചാൻസിലറായി സേവനമനുഷ്ഠിച്ചു. തുടർന്ന് പന്ത്രണ്ട് വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അദ്ധ്യക്ഷനായി. ചരിത്ര ഗവേഷണ കൗൺസിൽ അദ്ധ്യക്ഷനായപ്പോൾ തിരുവനന്തപുരത്തെ താമസക്കാരനായി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു. നിരവധി ചരിത്രഗന്ഥനങ്ങൾ രചിച്ചു. ഗുരുവായൂർ സ്വദേശിയെങ്കിലും തിരുവനന്തപുരം വിട്ട് പിന്നീട് താമസിച്ചിട്ടില്ല. 'കലുഷിതമായ കാലം' എന്ന പേരിൽ ആത്മകഥ സമീപകാലത്താണ് പുറത്തിറങ്ങിയത്. രാജസ്ഥാനിലെ മാര്‍വാഡി കുടുംബാംഗവും ചരിത്രകാരിയുമായിരുന്ന ഭാര്യ ഉഷയ്ക്കൊപ്പമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഉഷ പണിക്കർ കഴിഞ്ഞ അഞ്ചാം തീയതി മരിച്ചു.
ഇതോടെയാണ് മക്കൾക്കൊപ്പം താമസിക്കാനായി ബെംഗളൂരുവിലേക്ക് പോകാൻ തീരുമാനിച്ചത്. വീട് വിട്ടുപോകുന്നില്ലെന്നും ഓർമകൾ കൂടെയുണ്ടാവുമെന്നും പറഞ്ഞാണ് ബെംഗളൂരൂവിലേക്ക് യാത്രയാകുന്നത്. ഔദ്യോഗിക വേഷങ്ങളൊഴിഞ്ഞ് മടങ്ങുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനായിരിക്കെ ചില ആശയങ്ങൾ നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടപ്പാക്കാനായില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അതിന്റെ നിരാശയുണ്ടെന്നും കെ.എൻ. പണിക്കർ പറയുന്നു. മുൻ മന്ത്രി തോമസ് ഐസക്ക്, സി. പി. നാരായണൻ തുടങ്ങിയവരുടെ സുഹൃദ്‍വലയമാണ് ഫ്ലാറ്റിലെ യാത്രയപ്പ് ചടങ്ങ് ഒരുക്കിയത്. 'മതം, സ്വത്വം, ദേശീയത' എന്ന പേരിൽ കെ.എൻ. പണിക്കർ രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
