ബിജെപി നേതാവിൻ്റെ വധഭീഷണിയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഇതാണോ നാരീശക്തി വന്ദനെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സയോണി ഘോഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് ചോദിച്ചു.
കൊൽക്കത്ത: ബിജെപി നേതാവിൻ്റെ വധഭീഷണിയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി വന്ദൻ എന്ന് സയോണി ഘോഷ് ചോദിച്ചു. ബംഗാൾ പൊലീസ് എത്രയും വേഗം നടപടിയെടുത്ത് തൻ്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട സായോണി ഘോഷ്, ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർ പ്രദേശ് പൊലീസിനോടും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സായോണി ഘോഷിൻ്റെ പ്രതികരണം. സിക്കന്ദരാബാദിലെ നഗർ പാലിക ചെയർമാനും ബിജെപി നേതാവുമായ ഒരാൾ തന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു പരസ്യമായി രംഗത്തെത്തിയത് അമ്പരപ്പിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം തുടരുമെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ നിശബ്ദയാകില്ലെന്നും അവർ വ്യക്തമാക്കി.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സിക്കന്ദരാബാദിലെ മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ പ്രദീപ് ദീക്ഷിത് ആണ് സായോണി ഘോഷിൻ്റെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പരമശിവനെയും ശിവലിങ്കത്തെയും ആക്ഷേപിച്ച് സായോണി ഘോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലാണ് വധഭീഷണി ഉയർന്നത്.
പ്രദീപ് ദീക്ഷിതിൻ്റെ പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം പരാമർശം വിവാദമായതിന് പിന്നാലെ തനിക്കെതിരായ ആരോപണം നിഷേധിച്ച് പ്രദീപ് ദീക്ഷിത് രംഗത്തെത്തി. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രചരിക്കുന്നത് എഐ വീഡിയോ ആണെന്നും ആരോപിച്ചു.


