Asianet News MalayalamAsianet News Malayalam

നഗരമധ്യത്തിലെ 'പഞ്ചവടിപ്പാല'മായി പാലാരിവട്ടം പാലം: 47 കോടി നൽകി കളിച്ചത് ജീവൻ വച്ച്!

2014 ജൂണിൽ തറക്കല്ലിട്ട്, യുഡിഎഫ് സർക്കാർ തിരക്കിട്ട് നിർമിച്ച്, 2016 ഒക്ടോബറിൽ അതിനേക്കാൾ തിരക്കിട്ട് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്തതാണ് പാലാരിവട്ടം മേൽപ്പാലം. അതാണിപ്പോൾ ഡെമോക്ലിസിന്‍റെ വാൾ പോലെ നഗരവാസികളുടെ തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്നത്. 

history of palarivattom fly over, vigilance investigation started in it's collapse
Author
Palarivattom, First Published May 7, 2019, 9:14 PM IST

കൊച്ചി: നഗരമധ്യത്തിൽ എപ്പോൾ ഇടിഞ്ഞു വീഴുമെന്നറിയാതെ ഒരു പാലം! പാലാരിവട്ടം പാലം കാണുന്ന ആർക്കും പഴയ കെ ജി ജോർജിന്‍റെ പഞ്ചവടിപ്പാലം സിനിമ ഓർമ വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. 2014 ൽ പണി തുടങ്ങി, 2016 ൽ ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ പണം കൊടുത്തു തീരും മുന്നേ പാലം തകർന്നു. 

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വരും.  ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്നും വിജിലൻസ് പരിശോധിക്കും. എറണാകുളം സ്പെഷ്യൽ വിജിലൻസ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. 

റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാൻ കഴിയൂവെന്നാണ് നിലവിൽ കിറ്റകോയുടെ നിലപാട്. പ്രാഥമിക തലത്തിൽ പ്രശ്നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്കോ പോലും കണ്ണടച്ചെന്ന് മന്ത്രി ജി സുധാകരനും വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടൻ നടപടിയെടുക്കുന്നതായാണ് സൂചന. 

സർക്കാർ ഖജനാവിൽ നിന്ന് 47.71 കോടി രൂപ നൽകിയാണ് മേൽപാല നിർമാണത്തിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനെ ഏൽപ്പിക്കുന്നത്.  അവ‍ർ പാലം രൂപകൽപ്പന ചെയ്യാനും നിർമിക്കാനും കിറ്റ്‍കോ ഏജൻസിയെ ചുമതലപ്പെടുത്തി. ആർഡിഎസ് എന്ന ഗുജറാത്ത് ആസ്ഥാനമായ കമ്പനിയ്ക്ക് നിർമാണക്കരാറും കൊടുത്തു.

ഈ കമ്പനി രണ്ടര വർഷം കൊണ്ട് നിർമിച്ചു കൊടുത്ത പാലമാണിപ്പോൾ പൊളിഞ്ഞു കിടക്കുന്നത്. മദ്രാസ് ഐഐടിയിലെ വിദഗ്ധർ കഴിഞ്ഞ ദിവസം പാലം പരിശോധിച്ചിട്ട് പറഞ്ഞത്  ഗുരുതരമായ പിശക് നിർമാണത്തിൽ സംഭവിച്ചുവെന്നാണ്. രൂപകൽപന തൊട്ട്, പൈലിംഗ് മുതൽ,  തൂണ് ഉറപ്പിക്കുന്നത് വരെ ശരിയായ രീതിയിലായിരുന്നില്ല. 

ദേശീയപാതാ അതോറിറ്റിയായിരുന്നു യഥാർത്ഥത്തിൽ ഈ പാലം പണിയേണ്ടിയിരുന്നത്. എന്നാൽ, സംസ്ഥാനസർക്കാർ ഈ പാലത്തിന്‍റെ നിർമാണം ഏറ്റെടുത്തു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്ത് പാലനിർമാണം ത്വരിതഗതിയിൽ തീർക്കാൻ ശ്രമിച്ചു. ഏതാണ്ട് 95 ശതമാനം പണിയും തീർത്തു. പിന്നീട് എൽഡിഎഫ് സർക്കാർ വന്നതോടെ പാലം ഉദ്ഘാടനം ചെയ്ത് യാത്രക്കാർക്കായി തുറന്ന് കൊടുത്തു. 

റിവ്യൂ യോഗവും പരിശോധനയും അടക്കം കിറ്റ്കോ  മുൻകൈ എടുത്ത് പാലനിർമാണത്തിൽ മേൽനോട്ടം വഹിക്കേണ്ടിയിരുന്നു.  47 കോടി രൂപയിൽ 37 കോടി രൂപ കരാറുകാരന് കൊടുത്ത് കഴിഞ്ഞു. എന്നിട്ടും ഇത്ര ഗുരുതരമായ പ്രശ്നം കേവലം രണ്ട് വ‍ർഷം കൊണ്ടുണ്ടായെങ്കിൽ വലിയ പിഴവ് തന്നെയാണ് നി‍ർമാണത്തിൽ സംഭവിച്ചതെന്നുറപ്പിക്കാം.

അശാസ്ത്രീയമായ ഡിസൈൻ അംഗീകരിച്ചതിൽ വീഴ്ച പറ്റി, അമേരിക്കൻ ടെക്നോളജി സാങ്കേതിക ഉപയോഗിച്ചുള്ള മേൽപ്പാലത്തിനും തൂണിനുമിടയിലുള്ള ബെയറിംഗ് ഉറപ്പിച്ചതിൽ പാളിച്ചയുമുണ്ടായി. എന്നാലത് കണ്ടുപിടിക്കാൻ കിറ്റ്കോയ്ക്കോ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷനോ സാധിച്ചതുമില്ല. 

ആർഡിഎസ് എന്ന കമ്പനി കേരളത്തിൽ മറ്റ് പലയിടത്തും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതും ആദ്യം പരിഗണിക്കേണ്ട വസ്തുതയാണ്. കൃത്യമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ടുകളും വീഴ്ചയും കണ്ടെത്തിയില്ലെങ്കിൽ കേരളത്തിൽ ഇനിയുമേറെ പഞ്ചവടിപ്പാലങ്ങളുണ്ടാകും. 

Follow Us:
Download App:
  • android
  • ios