Asianet News MalayalamAsianet News Malayalam

ഹോം കെയർ ഐസൊലേഷൻ: ആരെയും നിർബന്ധിച്ച് വിടില്ല, വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന  ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

Home Care Isolation: No one will be forced out CM explains
Author
Kerala, First Published Jul 30, 2020, 7:15 PM IST

തിരുവനന്തപുരം:  കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന  ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ത്രിതല പരിശോധനാ സംവിധാനമൊരുക്കുമന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണം ഇല്ല. ഇവർക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രശ്നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. 

ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ അനുവദിക്കും.ത്രിതല മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തി. ജെപിഎച്ച്എൻ, ആശ വർക്കർ, വളണ്ടിയർ എന്നിവർ നിശ്ചിത ദിവസം രോഗികളെ സന്ദർശിക്കും. ആരോഗ്യനിലയിൽ ബുദ്ധിമുട്ടുണ്ടായാൽ ആശുപത്രിയിലെത്തിക്കും. 

സിഎഫ്എൽടിസികളിൽ കഴിയുന്നവർ പലരും വീട്ടിൽ പൊയ്‍ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുന്നത്. 

എന്നാൽ ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല. താത്പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. ഹോം ക്വാറന്‍റീൻ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രത്തിൽ കഴിയാം. ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ട്. 

വളരെ കുറച്ച് പേരാണ് കൊവിഡ് പ്രോട്ടോക്കോൾ ക്വാറന്‍റീൻ നിർദ്ദേശം ലംഘിച്ചത്.ഹോം ക്വാറന്‍റീൻ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. മിറ്റിഗേഷൻ രീതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്‍റീൻ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. 

സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ പരിഹാസം ജനം പരിശോധിക്കട്ടെ. സംസ്ഥാനത്ത് 176 സ്ഥാപനങ്ങളിലായി 25536 കിടക്കകൾ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ ആശങ്കപ്പെടേണ്ട. 

കൊവിഡ് പ്രതിരോധത്തിന് വിജിലൻസ് അടക്കം എല്ലാ പൊലീസ് സംവിധാനത്തിലെയും ഉദ്യോഗസ്ഥരെയും നിയോഗിക്കും.ലോക്ക്ഡൗൺ നിയന്ത്രണം തീരുന്നത് വരെ ജാഥയും യോഗങ്ങളും പാടില്ല. കെഎസ്ആർടിസി ദീർഘദൂര യാത്ര പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിക്കും. മാസ്ക് ധരിക്കാത്ത 5821 സംഭവങ്ങൾ ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആറ് പേർ ക്വാറന്‍റീൻ ലംഘിച്ചു.

Follow Us:
Download App:
  • android
  • ios