ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്. പല വിഷയങ്ങളിലും പൊലീസ് വിമര്‍ശനം നേരിട്ടപ്പോള്‍ കിരണ്‍ ശ്യാമിന്‍റെ പ്രവൃത്തി സേനയ്ക്ക് കൈയടി നേടിക്കൊടുത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വച്ചാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചത്.

ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്. പല വിഷയങ്ങളിലും പൊലീസ് വിമര്‍ശനം നേരിട്ടപ്പോള്‍ കിരണ്‍ ശ്യാമിന്‍റെ പ്രവൃത്തി സേനയ്ക്ക് കൈയടി നേടിക്കൊടുത്തു. തന്‍റെ കര്‍ത്തവ്യമാണ് ചെയ്തതെന്നും ക്രഡിറ്റ് പൊലീസ് സേനയ്ക്കാകെയാണെന്നും ഇന്നലെ കിരണ്‍ ശ്യാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Also Read: മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു