കര്‍ഷിക ഉത്പന്നങ്ങൾ വിറ്റവഴി പ്രതിമാസം കിട്ടുന്ന ഒരുകോടി രൂപ ലാഭംകൊണ്ട് ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് കൃഷിവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം : കര്‍ഷകര്‍ പണം കിട്ടാതെ വലയുന്നതിനിടെ നഷ്ടക്കണക്കുമായി ഹോര്‍ട്ടി കോര്‍പ്പ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സ്റ്റാഫ് പാറ്റേണിലെ അപാകതയാണെന്നാണ് വിശദീകരണം. കര്‍ഷിക ഉത്പന്നങ്ങൾ വിറ്റവഴി പ്രതിമാസം കിട്ടുന്ന ഒരുകോടി രൂപ ലാഭംകൊണ്ട് ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് കൃഷിവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്പന്നങ്ങൾ വിറ്റിട്ടും ഒമ്പതുമാസമായി പണം കിട്ടാതെ കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടെയാണ് നഷ്ടക്കണക്ക് വിശദീകരിച്ച് ഹോര്‍ട്ടികോര്‍പ്പ് രംഗത്തെത്തിയത്. സ്ഥിരം ജീവനക്കാരേക്കാൾ ഒമ്പത് മടങ്ങിലേറെ താത്കാലിക ജീവനക്കാരുണ്ട്. സംസ്ഥാനത്ത് ആകെ 59 സ്ഥിരം ജീവനക്കാര്‍ മാത്രമുള്ളപ്പോൾ താത്കാലികക്കാര്‍ 542 പേരാണ്. ദിവസവേതനത്തിൽ 487 പേരും കരാര്‍ അടിസ്ഥാനത്തിൽ 26 പേരും ക്യാഷ്വൽ വിഭാഗത്തിൽ 29 പേരും ജോലി ചെയ്യുന്നു. ഏറ്റവും കൂടുതൽ പേര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 23 സ്ഥിരം ജീവനക്കാരുണ്ട്. ഇവിടെ മാത്രം 187 താത്കാലികക്കാരാണുള്ളത്.
കൂടുതലായി വരുന്ന താത്കാലികക്കാരെ പിരിച്ചുവിട്ട് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തുമ്പോൾ യൂണിയൻ നേതാക്കളുടെ ഇടപെടൽ തടസമെന്നാണ് കൃഷിവകുപ്പ് നൽകുന്ന വിശദീകരണം. ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം വേണ്ടത് പ്രതിമാസം ഒന്നരക്കോടി രൂപയാണ്. പിഎഫ്, ഇഎസ്ഐ എന്നിവയ്ക്കായി മാറ്റിവയ്ക്കേണ്ടത് 30 ലക്ഷം രൂപയും. വാടകയ്ക്കും ഇന്ധനച്ചെലവിനും വേണം 75 ലക്ഷം. വിറ്റുവരവിൽ നിന്ന് മാത്രം കിട്ടുന്ന ഒരുകോടി രൂപയ്ക്ക് പുറമേ അധികമായി പണംകണ്ടെത്തിയാണ് ജീവനക്കാര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് ശമ്പളം നൽകുന്നത്. ആവശ്യമില്ലാത്ത ജീവനക്കാരെ ഒഴിവാക്കി സ്റ്റാഫ് പാറ്റേൺ പുനക്രമീകരിച്ചാൽ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാകുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്. കഴിഞ്ഞവര്‍ഷം പതിനാറേകാൽ കോടി രൂപയും ഈവര്‍ഷം പത്ത് കോടി 22 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് നൽകി. ബാക്കിയുള്ള അഞ്ച് കോടി ഉടൻ കൊടുത്തുതീര്‍ത്ത് കര്‍ഷകരുടെ പരാതി പരിഹരിക്കാനാണ് നീക്കം.

