Asianet News MalayalamAsianet News Malayalam

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്.

hotels bribe officials for star classification details of scam out in cbi investigation
Author
Kochi, First Published Nov 26, 2020, 9:14 AM IST

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണൽ ഉദ്യോഗസ്ഥർക്കാണ് കോഴ നൽകിയത്. 

റീജ്യണൽ ഡയറക്ടർ സ‌ഞ്ജയ് വാട്സ്, അസിസ്റ്റൻ്റ്  ഡയറക്ടർ രാമകൃഷ്ണ എന്നിവർക്കാണ് കോഴ നൽകിയത്. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. ഇടനിലക്കാർ വഴിയാണ് കോഴ കൈമാറിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

കേരളത്തിൽ ബാറുകൾക്കും ഹോട്ടലുകൾക്കും സ്റ്റാ‌‌ർ പദവി അനുവദിക്കുന്നത് ചെന്നൈയിലുള്ള ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണൽ ഓഫീസിൽ നിന്നാണ്. ഒരു മാസമായി സംസ്ഥാനത്തെ ഹോട്ടലുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിച്ച് വരികയാണ്. ഇതിനിടെയാണ് ചെന്നൈയിലെ സിബിഐയുടെ മധുര ബ്രാഞ്ചിന് കോഴയിടപാട് സംബന്ധിച്ച വിവരം ലഭിക്കുന്നതിന്. കഴിഞ്ഞ ഒരു മാസമായി ബാറുടമകളും, ഏജൻ്റുമാരും, മന്ത്രാലയം ഉദ്യോ​ഗസ്ഥരും സിബിഐ നിരീക്ഷണത്തിലാണ്.

ഇതിനിടെയാണ് സഞ്ജയ് വാട്സ് കൊച്ചിയിലേക്ക് വരുന്ന വിവരം സിബിഐക്ക് ലഭിച്ചത്. സഞ്ജയുടെ കേരള സന്ദ‌‌‌‌‍‌ർശനത്തിൽ സംശയം തോന്നിയതോടെ സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഏജൻ്റുമാരുടെ പക്കൽ നിന്നാണ് പണം പിടിച്ചെടുത്തത്. സന്ദ‌ർശനം കഴിഞ്ഞ് സഞ്ജയ് വാട്സ് ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ സിബിഐ ഉദ്യോ​ഗസ്ഥ‌ർ തടഞ്ഞു ന‌ി‌‌ർത്തി ഫോൺ പരിശോധിച്ചു. സന്ദേശങ്ങൾ എടുത്ത് വച്ച ശേഷം പോകാൻ അനുവദിക്കുകയായിരുന്നു,

 

കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് സിബിഐ  കണ്ടെത്തൽ, ഏജന്റുമാ‍‌ർ വഴിയാണ് പണക്കൈമാറ്റം നടന്നത്. ഉദ്യോ​ഗസ്ഥരുടെ അക്കൗണ്ടിലേക്ക് നേരിട്ടല്ല പണം കൈമാറിയത്, ബന്ധുക്കളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമിട്ടത്. വരും ദിവസങ്ങളിൽ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Follow Us:
Download App:
  • android
  • ios