കോഴിക്കോട്: വീട് പൊളിക്കാൻ കോഴിക്കോട് കോര്‍പറേഷൻ നൽകിയ നോട്ടീസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് ആരോപിച്ച് കെഎം ഷാജി. കോര്‍പറേഷൻ പറയുന്ന പിഴ അടക്കാൻ തയ്യാറാണെന്ന് കെഎം ഷാജി പറഞ്ഞു. കെട്ടിട നിർമ്മാണം ചട്ടം ലംഘിച്ചിട്ടില്ല. കോര്‍പറേഷൻ അധികൃതരുടെ നടപടി രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും കെഎം ഷാജി പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 'വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു'; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി... 

കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയാണ് കോഴിക്കോട് നഗരസഭ കെഎം ഷാജിയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റ് നിർദേശപ്രകാരം  കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. അതിനിടെയാണഅ പ്ലാനിൽ കാണിച്ചതിനേക്കാൾ വലിപ്പത്തിൽ വീട് പണിതിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടക്കണം. എന്നാൽ ഇത് ഒഴിവാക്കുന്നതിനായി രേഖകളിൽ 3000 സ്ക്വയർ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതൽ വലിപ്പത്തിൽ വീട് പണിയുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.