തൃശ്ശൂർ: ചിറ്റിലപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് വീട് മണ്ണിൽ ഇടിഞ്ഞു താഴ്‍ന്ന നിലയിൽ. ചിറ്റിലപ്പള്ളി സ്വദേശി കോരുത്തുകര ഹരിദാസിന്‍റെ വീടിന്‍റെ പിന്നിലെ കിണറും ഇടിഞ്ഞു താഴ്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്‍റെ പിൻഭാഗം പൂർണമായി മണ്ണിൽത്താഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പക്ഷേ, അപകടഭീതി ഒഴിയുന്നില്ല. ഹരിദാസിന്‍റെ തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിൽ എപ്പോൾ ഇടിഞ്ഞു വീഴുമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്. 

ആദ്യമായാണ് ഈ പ്രദേശത്ത് വീട് ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. താമസിക്കുന്ന വീട് അടക്കം ഇടിഞ്ഞ് താഴ്‍ന്നതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ.

 ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീടിന് പിന്നിലുള്ള കിണർ ഇടിഞ്ഞു താഴ്‍‍ന്നതായി വീട്ടുടമ ഹരിദാസ് കണ്ടത്. വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് ചെന്ന് നോക്കിയപ്പോൾ കിണർ ചുറ്റുമതിലടക്കം ഇടിഞ്ഞു താഴ്‍ന്നതായി കണ്ടു. തൊട്ടടുത്ത വീടിന്‍റെ മതിലിനും വിള്ളലുണ്ടായിരുന്നു. ഇന്നലെ മുതൽ ഈ കിണറിലെ വെള്ളം കലങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഇടിഞ്ഞു താഴ്‍ന്നത്. വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം ചളിയിൽ പൂണ്ടു പോയ സ്ഥിതിയാണ്.

സ്ഥലത്ത് വില്ലേജോഫീസറും പൊലീസുമെത്തി പരിശോധന നടത്തുകയാണ്. ഇടിഞ്ഞു പോയ കിണറിൽ ഇനി മണ്ണിട്ട് തൂർത്ത് ബലപ്പെടുത്താൻ മാത്രമേ കഴിയൂ എന്ന് വില്ലേജ് അധികൃതർ അറിയിക്കുന്നു. 1991-ലുണ്ടാക്കിയ വീടാണ് ഇ‍ടിഞ്ഞിരിക്കുന്നത്. വീടിന് വിള്ളലൊന്നുമുണ്ടായിരുന്നില്ലെന്നും വീട്ടുടമ പറയുന്നു. 

ഇടിഞ്ഞ വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിച്ചതിനൊപ്പം, തൊട്ടടുത്ത വീട്ടുകാരെയും ഇപ്പോൾ മാറ്റിപ്പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 

ചിത്രങ്ങൾ കാണാം: