എന്റർനിറ്റി സി എന്ന കപ്പലിലെ ജീവനക്കാരൻ കായംകുളം പത്തിയൂർ സ്വദേശി അനിൽ കുമാറിനെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു.
ആലപ്പുഴ: ഹൂതി ആക്രമണത്തിൽ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന മലയാളിയെ കാണാനില്ല. എന്റർനിറ്റി സി എന്ന കപ്പലിലെ ജീവനക്കാരൻ കായംകുളം പത്തിയൂർ സ്വദേശി അനിൽ കുമാറിനെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. അനിൽ കുമാറിനെ കണ്ടെത്താൻ ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതി ആക്രമണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കായംകുളത്തെ വീട്ടിൽ അനിൽകുമാർ രവീന്ദ്രനെ കാണാനില്ലെന്ന വിവരം എത്തുന്നത്. രക്ഷപ്പെടാൻ കപ്പൽ നിന്ന് കടലിൽ ചാടിയവരുടെ കൂട്ടത്തിൽ അനിൽ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്. പക്ഷേ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൂതികൾ ബന്ദികൾ ആക്കിയവരിൽ മലയാളികൾ ഉണ്ടോ എന്നും വിവരമില്ല. കഴിഞ്ഞ 6 ന്നാണ് അനിൽ കുമാർ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നും പിന്നീട് ഒരു വിവരവുമില്ലെന്നും കുടുംബം.
21 പേരുണ്ടായിരുന്ന കപ്പലിൽ അനിൽ കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു മലയാളികൾ. രക്ഷപ്പെട്ട അഗസ്റ്റിൻ നാട്ടിലെത്തി. മുൻ സൈനികനായ അനിൽ കുമാർ അഞ്ച് വർഷമായി മർച്ചന്റ് നേവിയിലാണ്. അനിൽ കുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി യ്ക്കും വിദേശകാര്യ മന്ത്രിക്കും കുടുംബം കത്തയച്ചു.


