വി ഡി സതീശൻ സർക്കാരിനെതിരെ വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. കരാർ ലംഘനമുണ്ടായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വ്യക്തമാക്കി.
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും നടക്കുന്ന സ്ഥിതിയാണെന്ന് റിയാസ് ആരോപിച്ചു. വിഴിഞ്ഞത്തെ ഓഹരി വിൽപനയിൽ വരെ ദുരൂഹതയുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായ വി ഡി സതീശനാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. വിഴിഞ്ഞം ഓഹരി വിൽപ്പനയിലടക്കം പ്രതിഷേധം ശക്തമായി തുടരുമെന്നും റിയാസ് വ്യക്തമാക്കി. ഭരണത്തിലേറി ഒന്നര മാസത്തിനകം സർക്കാരിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും റിയാസ് ആരോപിച്ചു. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണനയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നതെന്നാണ് റിയാസിന്റെ ആരോപണം.
മുഖ്യമന്ത്രിക്കും അദാനിക്കുമെതിരെ പ്രതിപക്ഷം
വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കും അദാനിക്കുമെതിരെ സ്വരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഓഹരി കൈമാറ്റ അപേക്ഷയിൽ വിശദീകരണം തുടര്‍ നടപടി ആവശ്യപ്പെട്ട് സെബിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്ത് അയച്ചിട്ടുണ്ട്. കരാര്‍ ലംഘനമുണ്ടായിട്ടും നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമര്‍ശിച്ചു. നിയമോപദേശം തേടുന്നില്ല. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. വിഴിഞ്ഞം കോര്‍പറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും പിണറായി വ്യക്തമാക്കി.


