തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ടെണ്ടര്‍ വ്യവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നും വിഴിഞ്ഞം അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിയും പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം കരണ്‍ പ്രതികരിച്ചു. അതേസമയം തുറമുഖത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനം മുഖ്യമന്ത്രിയാണെടുക്കേണ്ടതെന്നായിരുന്നു തുറമുഖ മന്ത്രിയുടെ പ്രതികരണം.
വിഴിഞ്ഞം പദ്ധതിയില്‍ വലിയ അഴിമതി ഉണ്ടെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ ആരോപണം. ഒപ്പം ടെണ്ടര്‍ വ്യവസ്ഥയില്‍ ആവശ്യമെങ്കില്‍ മാറ്റമുണ്ടാകുമെന്നു ചുമതലയേറ്റെടുത്ത ശേഷം തുറമുഖ മന്ത്രിയും പ്രതികരിച്ചിരുന്നു. മാത്രവുമല്ല കുളച്ചല്‍ തുറമുഖ പദ്ധതി ഏറ്റെടുത്തു വിഴിഞ്ഞം പദ്ധതിയില്‍നിന്നു പിന്മാറാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതായി വാര്‍ത്തകളുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
പദ്ധതിയെ സംബന്ധിച്ച് ആശങ്കവേണ്ടെന്നു കരണ്‍ അദാനി പറഞ്ഞു. കുളച്ചല്‍ പദ്ധതി ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെണ്ടര്‍ വ്യവസ്ഥയില്‍ അഴിമതി ഉന്നയിച്ച ഇടതുപക്ഷമിപ്പോള്‍ അതേകുറിച്ച് വ്യക്തമായ പ്രതികരണത്തിനു മുതിര്‍ന്നില്ലെന്നതു ശ്രദ്ധേയമായി.
പൊതു സ്വകാര്യ പങ്കാളിത്ത രീതിയില്‍ 7525 കോടി രൂപയാണു പദ്ധതി ചെലവ്. ഇതില്‍ 1635 കോടി രൂപ അദാനി ഗ്രൂപ്പിനു ഗ്രാന്റായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം . അദാനി ഗ്രൂപ്പ് 2454 കോടി രൂപ മുടക്കും. ഏഴാം വര്‍ഷം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും . 15ാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയില്‍ 40 ശതമാനം വരെ റവന്യു വരുമാനം സര്‍ക്കാരിന് ഇതാണു വ്യവസ്ഥ. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്. 2018 സെപ്റ്റംബര്‍ ഒന്നിന് ആദ്യഘട്ടം നാടിനു സമര്‍പ്പിക്കാനാകുമെന്നാണു പ്രഖ്യാപനം.
