Asianet News MalayalamAsianet News Malayalam

പുതിയതു തന്നെ, ചെറിയ പോറൽ മാത്രം; കാറും ടിവിയും വാഷിങ് മെഷീനും സോഫകളും 'ചുളുവിലയ്ക്ക് കിട്ടുന്നതിന്' പിന്നിൽ

ചെറിയ പോറലുകൾ കാരണം വിൽക്കാൻ കഴിയാതെ പോയ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക ്സ്വന്തമാക്കാമെന്നുള്ള പരസ്യങ്ങൾക്ക് പിന്നിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണെന്ന് അറിയാം

huge discounts for cars home appliances announced by some websites are taking customer to somewhere else
Author
First Published Apr 21, 2024, 7:50 PM IST

"ഏറ്റവും പുതിയ മോഡൽ കാറുകൾ, അതും ഇതുവരെ ഉപയോഗിക്കാത്തത്. പക്ഷേ ചെറിയ ചില പോറലുകളുണ്ട്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടും. കാറുകൾ മാത്രമല്ല, പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ, വാഷിങ് മെഷീനുകൾ, സോഫകൾ അങ്ങനെ ഏതാണ്ടെല്ലാ ഗൃഹോപകരണങ്ങളും ഇങ്ങനെ ചുളുവിലയ്ക്ക് സ്വന്തമാക്കാം. ചെറിയ ചില പോറലുകളൊക്കെ ഉണ്ടാകുമെന്നേയുള്ളൂ. ഉപയോഗിക്കാൻ ഒരു തടസവുമില്ല."

ഇത്തരമൊരു പരസ്യം നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ഇതും കണ്ട് നേരെ ചാടി വീഴുന്നതിന് മുമ്പ് സാമാന്യ ബുദ്ധി ഉപയോഗിച്ച് ഒന്ന് ആലോചിക്കണമെന്ന് ഓർമിപ്പിക്കുകയാണ് കേരള പൊലീസ്. തട്ടിപ്പുകാർ വിരിക്കുന്ന വലയാണിത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് കീഴിൽ പോയി ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഒക്കെ കൊടുക്കുന്നവർക്ക് തൊട്ടുപിന്നാലെ തട്ടിപ്പുകാരുടെ വിളി വരും. അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. ലിങ്കുകളായിരിക്കും മിക്കവാറും കിട്ടുക. അതിൽ കയറി വാങ്ങിക്കോളാൻ പറയും. ചോദിക്കുന്ന വിവരങ്ങളെല്ലാം കൊടുത്താൽ അക്കൗണ്ടിലുള്ളത് മുഴുവൻ കള്ളന്മാർ കൊണ്ടുപോകും. അവസാനം പറഞ്ഞ സാധനവും കിട്ടില്ല, കൈയിലുള്ള പണവും പോകും.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസെന്നോ ക്ലബ്ബെന്നോ ഒക്കെ കൂട്ടിച്ചേർത്തായിരിക്കും വെബ്സൈറ്റുകൾ. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമൊക്കെ അനവധിയുണ്ടാവും ഇത്തരം സൈറ്റുകളിൽ. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വ്യാജന്മാരെയും വേണമെങ്കിൽ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാം. ഇതെല്ലാം വിശ്വസിച്ച് സൈറ്റിൽ കയറിയാൽ നേരത്തെ സമ്മാനം കിട്ടിയവരുടേതെന്ന പേരിൽ നിരവധി അനുഭവക്കുറിപ്പുകളും കാണും. വിശ്വസിച്ചുപോയാൽ ഓർക്കുക, കൈയിലുള്ളത് മുഴുവൻ പോയിക്കിട്ടും.

കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കിൽ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ.

ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. 

വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത്‌ വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയർ ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios