പത്തനംതിട്ട: ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തില്‍ ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്തിലൊന്ന് തുകയ്ക്കാണ് കടകള്‍ ലേലത്തില്‍ പോയത്. ഇ-ടെണ്ടറില്‍ പങ്കെടുക്കാന്‍ ആളെത്താത്തിനാല്‍, തുറന്ന ലേലത്തിലൂടെയാണ് ഇത്തവണ കച്ചവടസ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാനായത്.

ശബരിമലയിലെ 162 വ്യപാര സറ്റാളുകള്‍ക്കായി ഇത്തവണ രണ്ടുവട്ടം ഇ-ടെണ്ടര്‍ വിളിച്ചെങ്കിലും പങ്കെടുത്തത് മൂന്ന് പേര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ ടെണ്ടര്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം നാളികേരം അഞ്ച് കോടിക്കാണ് ലേലത്തില്‍ പോയതെങ്കില്‍ ഇത്തവണ ഉറപ്പിച്ചത് ഒരു കോടിക്കാണ്. 

പുഷ്പാഭിഷേകത്തിന് ഒരു കോടി അഞ്ച് ലക്ഷം കിട്ടയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് അഞ്ച് ലക്ഷം മാത്രം. സന്നിധാനത്തെ ശൗചാലയങ്ങള്‍ക്ക് പോയവര്‍ഷം 25 ലക്ഷം രൂപക്ക് കരാറുറപ്പിച്ചെങ്കില്‍ ഇത്തവണ 50,000 രൂപയില്‍ ഒതുങ്ങി. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ മാര്‍ച്ച് മുതല്‍ മാസ പൂജക്കാലത്തെ കച്ചവടം വ്യപാരികള്‍ക്ക് പൂര്‍ണമായും നഷ്ടമായിരുന്നു.

കൊവിഡ് വ്യാപന ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ ഇപ്പോഴും ആശങ്കയിലാണ്. ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിന് 50 കോടിയോളം വരുമാനമാണ് പോയവര്‍ഷം കിട്ടിയത്. ഇത്തവണത്തെ ഓപ്പണ്‍ ടെണ്ടറിന്‍റെ അതിമ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. മുന്‍വർ‍ഷത്തെ അപേക്ഷിച്ച് പത്തിലൊന്ന് വരുമാനം കടകളുടെ ലേലത്തില്‍ നിന്ന് കിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍.