പാലക്കാട്: അട്ടപ്പാടി ക്ഷീര സഹകരണ സംഘത്തിലും ഭരണസമിതിയിലും തന്നിഷ്ടക്കാരെ കുത്തിനിറച്ചാണ് അഴിമതിക്ക് കളമൊരുക്കുന്നതെന്ന് ക്ഷീര കർഷകരുടെ ആരോപണം. എഴുത്തും വായനയും അറിയാത്ത ആദിവാസികളെ ഉൾപ്പെടെ കബളിപ്പിച്ചാണ് കാലങ്ങളായി തട്ടിപ്പ് നടക്കുന്നത്. ക്രമക്കേടുകൾ ചോദ്യംചെയ്ത വനിത ക്ഷീര വികസന ഓഫീസറെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കിഴക്കൻ അട്ടപ്പാടിയിലെ ക്ഷീര സഹകരണ സംഘമായ 'ആപ്കോ'സിൽ അറന്നൂറുപേർ ഗുണഭോക്താക്കളായുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ വർഷങ്ങളായി സംഘത്തിലേക്ക് പാൽ നൽകുന്ന ആദിവാസികൾ ഉൾപ്പെടെയുളളവർ ഇപ്പോഴും ആനുകൂല്യങ്ങൾക്ക് പുറത്താണ്. നാളിതുവരെ ബോണസായി ഒരു രൂപ പോലും ഇവർക്കാർക്കും കിട്ടിയിട്ടുപോലുമില്ല.

ആയിരത്തിലേറെപ്പേരാണ് 'ആപ്കോ'സിലേക്ക് ദിവസവും പാൽ നൽകുന്നത്. തൊടുന്യായങ്ങൾ പറഞ്ഞ് അംഗത്വത്തിൽ നിന്ന് ഇവരെയെല്ലാം മാറ്റി നിർത്തുകയാണെന്നാണ് ആരോപണം. ഇൻസന്‍റീവ് കിട്ടിയിട്ടില്ലെന്ന് കാണിച്ച് കർഷകർ നൽകിയ പരാതി ഗൗരവമെന്ന് ഓഡിറ്റർ കണ്ടെത്തിയിട്ടുണ്ട്. ഈ പണം പോയതെങ്ങോട്ടെന്നതിന് ഒരു തെളിവുമില്ല. ഏറ്റവുമധികം അഴിമതി കണ്ടെത്തിയ 2009-13 കാലഘട്ടത്തിലെ അംഗമാണ് ഇപ്പോൾ പ്രസിഡന്‍റായി തുടരുന്നതും എന്നതാണ് ഏറ്റവും ഗൗരവതരം.

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുകയും വരവ് - ചെലവ് കണക്ക് കൃത്യമായി രേഖപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്ത വനിതാ ഉദ്യോഗസ്ഥയെ ഭരണസമിതി അംഗങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയതായി മേലധികാരികൾക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഈ ഉദ്യോഗസ്ഥ പട്ടിക ജാതി - പട്ടിക വർഗ കമ്മീഷന് നൽകിയ പരാതി ഇനിയും തീർപ്പായിട്ടില്ല.

അതേസമയം മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കാണ് അംഗത്വം നൽകാത്തതെന്നാണ് ഭരണ സമിതി പറയുന്നു. ലാഭവിഹിതം നൽകുന്നതിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും സഹകരണസംഘം പ്രസിഡന്‍റ് ടി രവി വിശദീകരിക്കുന്നു.