Asianet News MalayalamAsianet News Malayalam

അമിത ഫീസ് വാങ്ങിചില കോളേജുകൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ

എ.പി. ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല അലസമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അവരുടെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണെന്ന്  കമ്മീഷൻ കുറ്റപ്പെടുത്തി. 

human right commission against APJ Abdul Kalam Technological University
Author
Thiruvananthapuram, First Published Aug 18, 2021, 5:28 PM IST

തിരുവനന്തപുരം: പ്രവേശന സമയത്ത് കുട്ടികളിൽ നിന്നും മുൻകൂറായി  ഫീസും യഥാർത്ഥ സർട്ടിഫിക്കേറ്റുകളും കൈവശപ്പെടുത്തി,    മറ്റ്  സ്ഥാപനങ്ങളിൽ ചേരാനുള്ള വിദ്യാർത്ഥികളുടെ  അവകാശം ചില സാങ്കേതിക  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടയുകയാണെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത്തരം സ്ഥാപനങ്ങൾ ഫീസും സർട്ടിഫിക്കേറ്റുകളും മടക്കി നൽകാതെ വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി  ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 

ഇത്തരം പരാതികളിൽ  എ.പി. ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല അലസമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അവരുടെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണെന്നും  കമ്മീഷൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ  പ്രവേശനം നേടിയയുടൻ   സർക്കാർ കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയിൽ   നിന്നും അനധികൃതമായി ഈടാക്കിയ ഫീസും ഒറിജിനൽ സർട്ടിഫിക്കേറ്റുകളും മടക്കി നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മൊത്തം  44400 രൂപയാണ് തിരുവല്ലം എ.സി . ഇ. എഞ്ചിനീയറിംഗ് കോളേജ് ഈടാക്കിയതെന്ന് ശ്രുതി എസ് സുരേഷ് എന്ന വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ പറയുന്നു. കമ്മീഷൻ സാങ്കേതിക സർവകലാശാലയിൽ നിന്നും റിപ്പോർട്ട് വാങ്ങി.

വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കേറ്റുകൾ കൈവശം  സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യു ജി സി ഉത്തരവിൻറെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് നിരീക്ഷിച്ചു. മറ്റൊരു കോളേജിൽ പ്രവേശനം നേടി പോകുന്ന വിദ്യാർത്ഥിക്ക് ഫീസ് മടക്കി നൽകുന്നതിനെ കുറിച്ചും ഇതേ ഉത്തരവിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശമുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉത്തരവിൽ പറയുന്ന വിഷയങ്ങളെ കുറിച്ച് പരാതിയുള്ള പക്ഷം അവ പരിഹരിക്കുന്നതിന് 'പരാതി പരിഹാര സമിതി' രൂപീകരിക്കണമെന്നും യു ജി സി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ലംഘിക്കപ്പെട്ടു. 

വിദ്യാർത്ഥിനിയുടെ പരാതിയിൽ യു. ജി. സി. ഉത്തരവിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് സമയബന്ധിതമായി പരിശോധിക്കണമെന്ന് കമ്മീഷൻ സാങ്കേതിക സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കോളേജിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടില്ലെങ്കിൽ രൂപീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ഇതിന് സർവകലാശാലാ നിയമത്തിൽ ഭേദഗതി ആവശ്യമുണ്ടെങ്കിൽ അതിന് നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം സർവകലാശാലാ രജിസ്ട്രാർ കമ്മീഷനെ അറിയിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios