Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ജല അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന്‍റെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സംഭവത്തെ കുറിച്ച് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് സമര്‍പ്പിക്കണം.

human rights commision take case youth killed in road accident at kochi
Author
Kochi, First Published Dec 12, 2019, 4:54 PM IST

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി എട്ട് മാസം മുമ്പ് കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. അറ്റകുറ്റപണികൾക്ക് വേണ്ടി ജല അതോറിറ്റിയാണ് കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎൽഎ പ്രതികരിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios