Asianet News MalayalamAsianet News Malayalam

വ്യാജ പള്‍സ് ഓക്സിമീറ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

human rights commission give instruction to probe fake oximeter selling
Author
Trivandrum, First Published May 25, 2021, 4:18 PM IST

തിരുവനന്തപുരം: വിപണിയില്‍ സജീവമായ വ്യാജ ഓക്സിമീറ്ററുകളെക്കുറിച്ച്  അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിര്‍ദ്ദേശം നല്‍കി. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് പരമാവധി 1500 രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സിമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചത്. വിപണിയിലുള്ള ഓക്സിമീറ്ററുകളില്‍ വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളി. ഓക്സിമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്.

വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം അളവുകള്‍ കാണിക്കുന്നത്. വ്യാജ ഓക്സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. 

Follow Us:
Download App:
  • android
  • ios