Asianet News MalayalamAsianet News Malayalam

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ വികസനം; മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണമെന്നും ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒ.പി. ബ്ലോക്ക് സജ്ജമാക്കണമെന്നും ജീവനക്കാരുടെ തസ്തികകൾ പുന: ക്രമീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

human rights commission intervened Peroorkada Mental Health Center development
Author
First Published Jan 7, 2023, 7:20 PM IST

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.  നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാൻ സമഗ്രമായ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസറ്റിസ് ആൻറണി ഡൊമിനിക് നിര്‍ദ്ദേശിച്ചു.  മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സന്ദർശനത്തിന് ശേഷം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. 

നവംബർ 17നാണ് കമ്മീഷൻ ആശുപത്രി സന്ദർശിച്ചത്. പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണമെന്നും ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒ.പി. ബ്ലോക്ക് സജ്ജമാക്കണമെന്നും ജീവനക്കാരുടെ തസ്തികകൾ പുന: ക്രമീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജയിൽ ഡി.ജി.പിയും മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 

മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്.  മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതൽ പാചകക്കാരെ നിയോഗിക്കണം. നഴ്സിംഗ് സൂപ്രണ്ട്, സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ, ഹോസ്പിറ്റൽ അറ്റൻഡൻറ് തസ്തികകൾ അടിയന്തിരമായി നികത്തണം. സുരക്ഷക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം. അന്തേവാസികൾക്ക് മറ്റ് രോഗങ്ങളുമുള്ളതിനാൽ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കണം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്ക് അവിടെ തന്നെ മാനസികരോഗ ചികിത്സ നൽകണം.രോഗം ഭേദമായവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം.

ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തുടർച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണം. പേരൂർക്കട മാനസികാരോഗ്യ കേന്ദപേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെൻറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് റിസർച്ച് സെൻറർ നിലവാരത്തിൽ ഉയർത്തണം.

ആർദ്രം മിഷൻ പദ്ധതിയിൽ മാനസികാരോഗ്യകേന്ദ്രത്തെ ഉൾപ്പെടുത്തണം. ഫോറൻസിക് വാർഡിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും  ജയിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും വേണം. ഫോറൻസിക് വാർഡിൽ വിടുതൽ ലഭിക്കാത്ത രോഗികള്‍ ഉണ്ടെങ്കിൽ അവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം - മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More : ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു, അലങ്കാര സ്ഥാപനത്തില്‍ തീപിടുത്തം; 3 ലക്ഷം രൂപയുള്‍പ്പടെ കത്തി നശിച്ചു

 

Follow Us:
Download App:
  • android
  • ios