Asianet News MalayalamAsianet News Malayalam

അമ്പലംകുന്നിലെ പൊലീസ് പീഡന പരാതി: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍

അഞ്ചു വര്‍ഷം മുമ്പ് ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്തിയ കേസടക്കം ക്രിമിനല്‍ കേസുകളില്‍ ഒരിക്കല്‍ പ്രതിയായതിന്‍റെ പേരില്‍ പൊലീസ് തുടര്‍ച്ചയായി പീഡിപ്പിക്കുന്നെന്ന അമ്പലംകുന്ന് സ്വദേശി രതീഷിന്‍റെ പരാതി കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

human rights commission intervention on police harassment in kollam
Author
Kollam, First Published Dec 2, 2020, 11:58 PM IST

കൊല്ലം: ലഹരി കേസില്‍ ഒരിക്കല്‍ അറസ്റ്റിലായതിന്‍റെ പേരില്‍ തുടര്‍ച്ചയായി പൊലീസ് പീഡിപ്പിക്കുന്നെന്ന കൊല്ലം അമ്പലംകുന്ന് സ്വദേശിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പി നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്തിയ കേസടക്കം ക്രിമിനല്‍ കേസുകളില്‍ ഒരിക്കല്‍ പ്രതിയായതിന്‍റെ പേരില്‍ പൊലീസ് തുടര്‍ച്ചയായി പീഡിപ്പിക്കുന്നെന്ന അമ്പലംകുന്ന് സ്വദേശി രതീഷിന്‍റെ പരാതി കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 30 ഗ്രാം കഞ്ചാവ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനിടെ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുളള റോഡില്‍ വച്ച് രതീഷിനെ അറസ്റ്റ് ചെയ്തെന്ന പൊലീസ് വാദം പൊളിക്കുന്ന തെളിവുകളും രതീഷ് പങ്കുവച്ചിരുന്നു. 

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം ജില്ലയുടെ ചുമതലയുളള മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി സ്വമേധയാ കേസെടുത്തത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ട കമ്മിഷന്‍ ,റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതേസമയം വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര റൂറല്‍ എസ്പി പ്രഖ്യാപിച്ച അന്വേഷണവും തുടരുകയാണ്. 

കഴിഞ്ഞ ദിവസം രതീഷിന്‍റെ അമ്പലംകുന്നിലെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. രതീഷിന്‍റെ ക്രിമിനല്‍ പശ്ചാത്തലത്തിലൂന്നി സംഭവത്തെ ന്യായീകരിക്കാനാണ് ഇപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ രതീഷിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട കോടതി രേഖകളും സിസിടിവി ദൃശ്യങ്ങളും തമ്മിലുളള പൊരുത്തക്കേടിന് കാരണമെന്തെന്ന് വിശദീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടുമില്ല. പൊലീസിനെതിരെ ഹൈക്കോടതിയിലടക്കം പരാതിയുമായി നീങ്ങാനാണ് രതീഷിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios