Asianet News MalayalamAsianet News Malayalam

മീനച്ചിലാറ്റിലെ മാലിന്യം: അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്, വിശദമായ റിപ്പോർട്ട് സമർപ്പിക്കണം

ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ  സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യവിസർജ്യ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  

Human Rights Commission notice against Waste dumping in Meenachil River
Author
Kottayam, First Published Oct 25, 2021, 7:28 PM IST

കോട്ടയം: മീനച്ചിലാറ്റില്‍(Meenachil River) വെള്ളം മിലിന്യം(waste) നിറഞ്ഞതാണെന്ന റിപ്പോര്‍ട്ടില്‍ അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ  നോട്ടീസ്(Human Rights Commission).  പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കിയത്.
 
തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനീയർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്.  നവംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കണം.  കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഗുരുതര മലിനീകരണം കണ്ടെത്തിയത്.  

ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ  സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യവിസർജ്യ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  കോവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യപഠനത്തിലാണ് കണ്ടെത്തൽ.  മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽവരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  മീനച്ചലാറിന്‍റെ കരയിൽ വ്യവസായ സ്ഥാപനങ്ങൾ കുറവായതിനാൽ ജനവാസകേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്നാണ് പഠനത്തിൽ കാണുന്നത്.  പാലാ സ്വദേശി പി. പോത്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി.  

Follow Us:
Download App:
  • android
  • ios