തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം  നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

108 ആംബുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആംബുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആംബുലൻസ്  ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന്  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നൽകിയത്.