Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിൽസക്ക് രണ്ട് പുതിയ ഐസിയുകള്‍ കൂടി ; 100 കിടക്കകൾ സജ്ജം

5.5 കോടി രൂപ ചെലവഴിച്ചാണ്  7, 8 വാര്‍ഡുകള്‍ നവീകരിച്ച് അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്

hundred bedded icu is ready in trivandrum medical college for covid treatment
Author
Thiruvananthapuram, First Published Sep 19, 2021, 1:45 PM IST

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായി കൂടുതൽ കുട്ടികളെത്തിയാൽ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

5.5 കോടി രൂപ ചെലവഴിച്ചാണ്  7, 8 വാര്‍ഡുകള്‍ നവീകരിച്ച് അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനവും സജ്ജമാണ്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും തയാറാണ്. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി., അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്. പുതിയ ഐസിയുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios