കൊല്ലം: കൊല്ലം കുണ്ടറയില്‍ കുഞ്ഞുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും തൂങ്ങിമരിച്ചു. ഭാര്യയുടെയും മകന്‍റെയും മരണത്തെ തുടര്‍ന്നുളള മാനസിക സമ്മര്‍ദമാണ് വെളളിമണ്‍ സ്വദേശി സിജുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഭാര്യ രാഖിയുടെയും മൂന്നു വയസുകാരന്‍ മകന്‍ ആദിയുടെയും ആത്മഹത്യയറിഞ്ഞ ശേഷം ഇന്ന് പുലര്‍ച്ചെയോടെയാണ് സിജു സുഹൃത്തിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയത്. 

രാഖിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ജാമ്യം എടുക്കാന്‍ ചില രേഖകള്‍ എടുക്കാനുണ്ടെന്നു പറഞ്ഞ് സിജു സുഹൃത്തിനെ പുറത്തു നിര്‍ത്തി വീടിനുളളില്‍ കയറുകയായിരുന്നു. അരമണിക്കൂറായിട്ടും പുറത്തേക്ക് വരാതായതിനെ തുടര്‍ന്ന് സുഹൃത്ത് ബഹളം വച്ചു. ഇതോടെ നാട്ടുകാരെത്തി. പിന്നാലെ കുണ്ടറ പൊലീസും സ്ഥലത്തെത്തി. 

വീടിന്‍റെ വാതില്‍ പൊളിച്ച് അകത്തു കയറിയ പൊലീസ് കണ്ടത് ഉത്തരത്തില്‍ തൂങ്ങിനില്‍ക്കുന്ന സിജുവിന്‍റെ മൃതദേഹം. സ്വകാര്യബസില്‍ കണ്ടക്ടറായിരുന്നു ഇരുപത്തിയാറ് വയസുകാരനായ സിജു. രണ്ടു ദിവസം മുമ്പാണ് സിജുവുമായുണ്ടായ വഴക്കിന്‍റെ പേരില്‍ ഭാര്യ രാഖി മൂന്നു വയസുകാരന്‍ മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തതത്. നാലു വര്‍ഷം മുമ്പായിരുന്നു സിജുവിന്‍റെയും രാഖിയുടെയും  പ്രണയ വിവാഹം. വിവാഹത്തിനു ശേഷം ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഞായറാഴ്ച വൈകിട്ട് രാഖിയെയും കുഞ്ഞിനെയും കാണാതായതിനു പിന്നാലെ രാഖിയുടെ വീട്ടുകാര്‍ സിജുവിനെതിരെ പരാതിയും നല്‍കിയിരുന്നു.