പണവുമായി സ്കൂട്ടിറിലെത്തിയ യുവതിയെ കാട്ടിൽമുക്ക് ഭാഗത്ത് വച്ച് ഭര്‍ത്താവ് കൃഷ്ണകുമാര്‍ തടഞ്ഞു നിര്‍ത്തി. പിന്നാലെ ക്രൂരമായി മർദിച്ചു.
പത്തനംതിട്ട: അടൂരിൽ കളക്ഷൻ ഏജന്‍റായ യുവതിയെ അക്രമിച്ച് ഒന്നേമുക്കൽ ലക്ഷം രൂപ കവർന്ന ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമം. പിണങ്ങിക്കഴിയുന്ന ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ആക്രമിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ വായ്പ തിരിച്ചടവ് തുക പിരിച്ചെടുത്ത് മടങ്ങി വരും വഴി ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പണവുമായി സ്കൂട്ടിറിലെത്തിയ യുവതിയെ കാട്ടിൽമുക്ക് ഭാഗത്ത് വച്ച് ഭര്‍ത്താവ് കൃഷ്ണകുമാര്‍ തടഞ്ഞു നിര്‍ത്തി. പിന്നാലെയാണ് ക്രൂരമായി മർദിച്ചത്.
യുവതിയെ ക്രൂരമായി തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച കൃഷ്ണകുമാർ കയ്യില്‍ ഉണ്ടായിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തൊഴിച്ചു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ ബഹളം കേട്ട് നാട്ടുകാരെത്തി. ഇതോടെ അക്രമി സംഘം ബൈക്കിൽ കടന്നു കളഞ്ഞു. ഭർത്താവ് കൃഷ്ണകുമാർ, സുഹൃത്ത് രാജേഷ്, കൃഷ്ണകുമാറിന്‍റെ സഹോദരിയുടെ മകൻ അഖിൽ എന്നിവരെ യുവതി തിരിച്ചറിഞ്ഞു.
ആറുവർഷം മുൻപായിരുന്നു അശ്വതിയുടേയും കൃഷ്ണകുമാറിന്‍റെയും വിവാഹം. കുടുംബ പ്രശ്നത്തെ തുടർന്ന് ഏപ്രിൽ മുതൽ ഇരുവരും അകന്ന് കഴിയുകയായിരുന്നു. നേരത്തെ, കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങൾക്കുമെതിരെ അശ്വതി നൽകിയ പരാതിയിൽ പൊലീസ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്നാണ് പ്രതികൾ ഈ കേസിൽ ജാമ്യം നേടിയത്. കേസ് നൽകിയതിലുള്ള പ്രതികാരമാണോ അക്രമിക്കാൻ കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികളെ കാണാനെത്തിയവർ ഇടിവള വച്ച് മൂക്കിനിടിച്ചു, എഎസ്ഐ ചികിത്സയില്‍, പ്രതികള്‍ റിമാന്‍റില്‍
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ടാണ് എം ഡി എം എ കേസ് പ്രതികളെ കാണാനെത്തിയ വിഷ്ണുവും വിഗ്നേഷും പൊലീസിനെ ആക്രമിച്ചത്. പ്രതികളെ കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് എ എസ് ഐ പ്രകാശ് ചന്ദ്രന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ എ എസ് ഐ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികള്‍ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് ഇന്നലെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്.
പാൽകുളങ്ങര സ്വദേശി അഖിൽ, പുന്തലത്താഴം സ്വദേശി അഭിനാഷ്, പേരൂർ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരെയാണ് കരിക്കോട് ഷാപ്പുമുക്കിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികൾക്ക് ലഹരി മരുന്നുകൾ വിൽക്കാനാണ് ഇവർ കരിക്കോട് മുറിയെടുത്തത്. ഗൂഗിൾ പേ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്. പൊലീസുകാരനെ അക്രമിച്ചവർ എം ഡി എം എ കേസ് പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്.
