Asianet News MalayalamAsianet News Malayalam

ഐ ഫോണ്‍ വിവാദം: പ്രോട്ടോക്കോൾ തർക്കം കത്തുന്നു, ചെന്നിത്തലയ്‍ക്കെതിരെ സിപിഎം നീക്കം, നേരിടാന്‍ പ്രതിപക്ഷം

യുഎഇ കോണ്‍സുലേറ്റ് പരിപാടിയിലെ പ്രോട്ടോക്കോൾ പ്രശ്നമുയർത്തി പ്രതിപക്ഷ നേതാവിനെതിരെ നീക്കം ശക്തമാക്കുകയാണ് സിപിഎം. എന്നാൽ മുൻവർഷങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത കോണ്‍സുലേറ്റ് പരിപാടികൾ ഉയർത്തി നേരിടാനാണ് പ്രതിപക്ഷ നീക്കം. സ്വർണക്കടത്ത് വിവാദത്തിൽ ആദ്യം പ്രോട്ടോക്കോൾ കുരുക്ക് വീണത് മന്ത്രി ക കെ ടി ജലീലിന്‍റെ നേർക്കാണ്.

i phone allegation against opposition leader used by cpim alike opposition protocol allegation againt kt jaleel
Author
Thiruvananthapuram, First Published Oct 4, 2020, 6:44 AM IST

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തോടെ സ്വർണക്കടത്ത് കേസിൽ പ്രോട്ടോക്കോൾ തർക്കം വീണ്ടും ചൂടുപിടിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് പരിപാടിയിലെ പ്രോട്ടോക്കോൾ പ്രശ്നമുയർത്തി പ്രതിപക്ഷ നേതാവിനെതിരെ നീക്കം ശക്തമാക്കുകയാണ് സിപിഎം. എന്നാൽ മുൻവർഷങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത കോണ്‍സുലേറ്റ് പരിപാടികൾ ഉയർത്തി നേരിടാനാണ് പ്രതിപക്ഷ നീക്കം.

സ്വർണക്കടത്ത് വിവാദത്തിൽ ആദ്യം പ്രോട്ടോക്കോൾ കുരുക്ക് വീണത് മന്ത്രി ക കെ ടി ജലീലിന്‍റെ നേർക്കാണ്. പ്രോട്ടോക്കോൾ ലംഘന വിവാദവും ജലീലിനെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തതും പ്രതിപക്ഷവും ആയുധമാക്കി. എന്നാൽ, ഇതേ പ്രോട്ടോക്കോൾ ലംഘനം ചെന്നിത്തലയ്ക്ക് നേരെ ഉയർത്തി കടിച്ച പാമ്പിനെ കൊണ്ടു വിഷമിറപ്പിക്കാനാണ് സിപിഎം നീക്കങ്ങൾ.

കഴിഞ്ഞ ദിവസത്തെ കോടിയേരിയുടെ പ്രസ്താവനയിലടക്കം ഊന്നൽ നൽകിയത് ചട്ടവിരുദ്ധമായി കോണ്‍സുലേറ്റ് നടത്തിയ നറുക്കെടുപ്പിൽ രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യമായിരുന്നു. പ്രോട്ടോക്കോൾ ലംഘനമുണ്ടെന്ന സിപിഎം ആക്ഷേപം തള്ളിയ ചെന്നിത്തലയ്ക്ക് ജലീൽ വിഷയത്തിൽ ഇതേ നിലപാടാണോ എന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്.

എന്നാൽ പ്രോട്ടോക്കോൾ ലംഘനമെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ തന്നെ യുഎഇ പാരിതോഷികം സ്വീകരിച്ചതെങ്ങനെയെന്ന് പ്രതിപക്ഷം തിരിച്ചു ചോദിക്കുന്നു. വടികൊടുത്ത് അടിവാങ്ങുന്നതിലേക്ക് സിപിഎമ്മിനെ വിവാദം കൊണ്ടെത്തിക്കും എന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടൽ. 2018ൽ യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ രണ്ട് മന്ത്രിമാരും സ്പീക്കറുമാണ് പങ്കെടുത്തത്.

ഈ പരിപാടിയിലും ചട്ടവിരുദ്ധമായി ലക്കീ ഡ്രോ അടക്കം നടന്നെന്ന് ആക്ഷേപമുണ്ട്.പ്രോട്ടോക്കോളിൽ തൊട്ടാൽ ഇരുഭാഗത്തും മുറിവേൽക്കുമെന്നിരിക്കെ ചെന്നിത്തലയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട സിപിഎം ഇതിലുറച്ച് നിൽക്കുമോ എന്നതും ഇനി ശ്രദ്ധേയമാണ്. കോൺസുലേറ്റിലെ നറുക്കെടുപ്പിൽ പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനം തന്നെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. \

കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കെടി ജലീലിന് എതിരായ ആരോപണം പിൻവലിച്ച് ചെന്നിത്തല മാപ്പ് പറയണം. പ്രോട്ടോക്കോൾ ലംഘനമാണെന്ന് അറിയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു. 

യുഎഇ കോൺസുലേറ്റിന്‍റെ ഐ ഫോൺ സമ്മാനമായി കിട്ടിയത് കോടിയേരിയുടെ മുൻ പേഴ്സനൽ സ്റ്റാഫ് അംഗമടക്കമുള്ള മൂന്ന് പേർക്കാണെന്ന് ഫോട്ടോ സഹിതം വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം ചെന്നിത്തല അടക്കമുള്ളവർക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍റെ ഹ‍ർജി ആയുധമാക്കിയ കോടിയേരിയെ സമ്മർദ്ദത്തിലാക്കുന്നാണ് പ്രതിപക്ഷനേതാവിന്‍റെ പുതിയ വെളിപ്പെടുത്തൽ.

 സ്റ്റാഫിൽ ഒരാൾക്ക് വാച്ച് സമ്മാനമായി കിട്ടിയെന്ന് സമ്മതിച്ച രമേശ് ചെന്നിത്തല തനിക്ക് ഫോൺ സമ്മാനമായി ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച പ്രോട്ടോകോൾ വിവാദത്തിനും ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

സന്തോഷ് ഈപ്പൻറെ ആരോപണം അഞ്ച് ഫോൺ നൽകിയെന്നാണ്. ആറെണ്ണത്തിൻറെ ബില്ലും ഹാജരാക്കിയിരുന്നു. ബാക്കി ഫോണുകളെവിടെയെന്ന് പൊലീസ് കണ്ടെത്തണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios