തിരുവനന്തപുരം: താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കോളേജിൽ പഠിക്കുന്ന സമയത്ത് ആർഎസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവരുടേ ദേശസങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാൽ ഇപ്പോൾ​ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐഎഎസ് ഉദ്യോ​ഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രാജിവെക്കുന്നത്. അദ്ദേഹത്തിന്‍റെ രാജി വലിയ വിവാദമായി.

കേരളത്തില്‍ പ്രളയസമയത്ത് കണ്ണന്‍ ഗോപിനാഥന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ശക്തമായ നിലപാടാണ് കണ്ണന്‍ ഗോപിനാഥന്‍ സ്വീകരിച്ചത്.  പ്രത്യക്ഷ സമരത്തില്‍ അദ്ദേഹം പങ്കെടുത്തതിനെ തുടര്‍ന്ന് മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ നിന്നും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.