Asianet News MalayalamAsianet News Malayalam

കെടിഡിഎഫ്സിയിൽ നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്, ഐബി അന്വേഷണം

രാഷ്ട്രപതിയുടെ പേരിലുള്ള തട്ടിപ്പായതിനാൽ പൊലീസും കേന്ദ്ര രഹസ്യന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടരുകയാണ്...

IB investigation in Fake order in the name of the President to extort money from KTDFC
Author
Thiruvananthapuram, First Published Oct 4, 2021, 10:04 AM IST

തിരുവനന്തപുരം: കെടിഡിഎഫ്സിയിൽ (KTDFC) നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ (President) പേരിൽ വ്യാജ ഉത്തരവ് (Fake Order) ചമച്ച കേസിൽ ഐബി (IB) അന്വേഷണം. വ്യാജ ഉത്തരവടക്കമുള്ള രേഖകള്‍ ഐബി ശേഖരിച്ചു. പണം തട്ടാൻ ഉപയോഗിച്ച വ്യാജ രേഖ അടക്കമുള്ളതിൻെറ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കെടിഡിഎഫ്സി എംഡി ഡിജിപിക്ക് (DGP) പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

വ്യവസായിയായ സലിം കബീർ കെടിഡിഎഫ്സിയിൽ നിന്ന് 10 കോടി വായ്പയെടുത്തിരുന്നു. പലിശ സഹിതം സലീം 11 കോടിയിലധികം തിരിച്ചടച്ചു. പലിശ നിരക്ക് കൂട്ടി തന്നിൽ നിന്ന് കൂടുതൽ തുക പിടിച്ചുവെന്നായിരുന്നു സലിമിൻെറ് പരാതി. അധികമായി പിടിച്ച പണം തിരികെ നൽകണമെന്ന് രാഷ്ട്രപതി ഉത്തരവിട്ടതിന്റെ രേഖകളുമായി സലിം കെടിഡിഎഫ്സി എംഡിയായ ഡോ.അശോകിനെ സമീപിച്ചു. രാംനാഥ് ഗോവിന്ദിൻെറ പേരിലുള്ള ഈ ഉത്തരവിൽ പറയുന്നത് 50 ദിവസത്തിനുള്ളിൽ തുക തിരികെ നൽകണമെന്നാണ്.

കേന്ദ്രസർക്കാരിൻെറ പരാതി പരിഹാര സെൽവഴി പൊതുജനങ്ങള്‍ക്ക് പരാതി നൽകാം, രാഷ്ട്രപതിക്കും പരാതികള്‍ അയക്കാം. പക്ഷെ ആ പരാതികള്‍ പരിശോധനക്കായി സംസ്ഥാന സ‍ർക്കാരിന് അയക്കുകയാണ് ചട്ടം. സംസ്ഥാന സർക്കാർ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശദീകരണം വാങ്ങിയ ശേഷം മറുപടി നൽകുകയാണ് രീതി. എന്നാൽ ഈ ഉത്തരവിൽ രാഷ്ട്രപതി നേരിട്ട് കെടിഡിഎഫ്സിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. കഴിഞ്ഞ മാസം 14ന് നൽകിയ അപേക്ഷയിൽ അന്നു തന്നെ രാഷ്ട്രപതിയുടെ ഓഫീസ് തീരുമാനവും എടുത്തിരിക്കുന്നു. 

വ്യാജ ഉത്തരവാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഡി ഡിജിപിക്ക് കത്ത് നൽകിയതോടെ സലിം തുടർനപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കെടിഡിഎഫ്സിക്ക് കത്ത് നൽകി. കണ്ണൂരുള്ള പിപിഎം അഷറഫെന്ന അഭിഭാഷകനാണ് രാഷ്ട്രപതിയുടെ ഉത്തരവ് നൽകിയതെന്നും വഞ്ചിക്കപ്പെട്ടതാണെന്നും കാണിച്ച് സലീമും സിറ്റി പൊലീസ് കമ്മീഷണർക്ക പരാതി നൽകി. രാഷ്ട്രപതിയുടെ പേരിലുള്ള തട്ടിപ്പായതിനാൽ പൊലീസും കേന്ദ്ര രഹസ്യന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios