Asianet News MalayalamAsianet News Malayalam

കൊവിഡിനോട് പടപൊരുതിയ നമ്മള്‍ പരീക്ഷാ പേടിയെന്ന ചെറിയ വൈറസിനെ പേടിക്കേണ്ട; വിദ്യാര്‍ഥികളോട് ഐ.ബി.സതീഷ് എംഎല്‍എ

പ്രതിസന്ധികൾ, പ്രതിബന്ധങ്ങൾ ഇതെല്ലാം ജീവിതമെന്ന മഹാപാഠപുസ്തകത്തിലെ "അതിജീവനം" എന്ന ഏറ്റവും വലിയ പാഠം പഠിക്കുവാനുള്ള അവസരങ്ങൾ മാത്രമായിരുന്നു എന്ന് കാണുവാനുള്ള ഉൾക്കാഴ്ച നിങ്ങൾക്കുണ്ടാകട്ടെ...

IB Sathish MLA wishes to Students before SSLC Plus-Two Exams
Author
Thiruvananthapuram, First Published Apr 8, 2021, 6:12 PM IST

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി ഐ.ബി.സതീഷ് എംഎല്‍എ. കൊവിഡ് എന്ന വലിയ വൈറസിനോട് പടപൊരുതിയവരാണ് നമ്മളെന്നും അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ പേടി എന്ന ചെറിയ വൈറസിനെ ഭയക്കേണ്ടെന്നും സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹവും കരുതലുമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ വിജയം വരിച്ച് തിരിച്ചുവരുമെന്നും എംഎല്‍എ കുറിച്ചു. ഐ.ബി.സതീഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

IB Sathish MLA wishes to Students before SSLC Plus-Two Exams

പരീക്ഷക്ക് തയ്യാറെടുക്കുന്ന കൊച്ചു കൂട്ടുകാരോട്. സംസ്ഥാനത്ത് നാളെ മുതൽ പത്താം ക്ലാസ്, പ്ലസ് ടൂ പൊതുപരീക്ഷ ആരംഭിക്കുകയാണ്. ആർക്കും ഇതേവരെ പരിചിതമല്ലാത്ത, വളരെ വ്യത്യസ്തമായ അക്കാഡമിക് രീതികളിലൂടെ കടന്നുപോയവരാണ് നാളെ മുതൽ പരീക്ഷഹാളുകളിലേക്ക് പോകുന്ന വിദ്യാർത്ഥിസമൂഹം.

കൂട്ടുകാരെയും അധ്യാപകരെയും ഒന്ന് നേരിട്ട് കാണാൻപോലും കഴിയാതിരുന്ന മഹാമാരി തിമിർത്താടിയ ആ ദിനങ്ങൾ...ഈ അദ്ധ്യയനവർഷം അവർ ഏറെയും പഠനം നടത്തിയത് ടിവിയുടെയും, ലാപ്പ്ടോപ്പിന്റെയും മുന്നിലിരുന്ന്.പ്രിയകൂട്ടുകാരേ.പ്രതിസന്ധികൾ, പ്രതിബന്ധങ്ങൾ ഇതെല്ലാം ജീവിതമെന്ന മഹാപാഠപുസ്തകത്തിലെ "അതിജീവനം" എന്ന ഏറ്റവും വലിയ പാഠം പഠിക്കുവാനുള്ള അവസരങ്ങൾ മാത്രമായിരുന്നു എന്ന് കാണുവാനുള്ള ഉൾക്കാഴ്ച നിങ്ങൾക്കുണ്ടാകട്ടെ.

എന്റെ കൊച്ചുകൂട്ടുകാരിലാരെങ്കിലും പരീക്ഷാ പേടി എന്ന 'ചെറുവൈറസിലൂടെ' കടന്നുപോകുന്നുണ്ടോ... ഒന്നോർക്കുക കോവിഡ് എന്ന 'വലിയവൈറസിനോട്' പടപൊരുതി ഇവിടെവരെ എത്തിയവരാണ് നമ്മൾ.പിന്നെ ഒരുകാര്യം കൂടി... ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയെയാണ് നിങ്ങൾ നേരിടുവാൻ പോകുന്നത് എന്ന് അത്യാകാംഷയുടെ പുറത്ത് ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ ഒരു ചെറുപുഞ്ചിരിയോടെ അതിനെ മറക്കുക.

ജീവിതവീഥികളിൽ വിജയം വരിക്കുന്നതിനായി ഭാവിയിലെ എത്രയോ വലിയ പരീക്ഷകൾ നേരിടാനൊരുങ്ങുന്ന മിടുക്കീമിടുക്കൻമാരാണ് നിങ്ങൾ. ആ പരീക്ഷകൾക്ക് മുന്നിലുള്ള പരിശീലനക്കളരിയായി മാത്രം ഇതിനെ കാണുക...അപ്പോ... ഇതുവരെ പഠിച്ചതെല്ലാം ഒന്ന് നന്നായി റിവൈസ് ചെയ്യണമിന്ന്... രാത്രി  ഭക്ഷണമൊക്കെ കഴിച്ച് നന്നായി ഉറങ്ങണം.

രാവിലെ എഴുന്നേറ്റ് മാതാപിതാകളുടെയും ഗുരുക്കൻമാരുടെയും സ്നേഹാശിർവാദങ്ങളോടെ മിടുക്കീമിടുക്കൻമാരായി സ്കൂളിലേക്ക് പുറപ്പെടണം...എന്റെ മനസും നിങ്ങൾക്കൊപ്പം തന്നെ.അവസാനമായി അവരെ പരീക്ഷക്ക് തയ്യാറെടുപ്പിച്ച രക്ഷകർത്താക്കളോടും അധ്യാപകരോടും ഒരുവാക്ക്... ടെൻഷൻ വേണ്ട... നിങ്ങളുടെ കരുതലും സ്നേഹവും മാത്രം മതി... അവർ വിജയം വരിച്ച് തിരിച്ചെത്തും... "#ഉറപ്പാണ്".ഏവർക്കും വിജയാശംസകൾ.സ്നേഹപൂർവ്വം,ഐ.ബി സതീഷ്.

പരീക്ഷക്ക് തയ്യാറെടുക്കുന്ന കൊച്ചു കൂട്ടുകാരോട്... സംസ്ഥാനത്ത് നാളെ മുതൽ പത്താം ക്ലാസ്, പ്ലസ് ടൂ പൊതുപരീക്ഷ...

Posted by IB Sathish on Wednesday, 7 April 2021
Follow Us:
Download App:
  • android
  • ios