ഈ മാസം 21 ദിവസം കൊണ്ട് 252 കോടി രൂപയുടെ വൈദ്യുതിക്കാവശ്യമായ വെള്ളം ഇടുക്കിയിലെത്തി. ശരാശരി നാലര രൂപ മാത്രം യൂണിറ്റിന് കണക്ക് കൂട്ടുമ്പോഴാണിത്.

തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ട് (Idukki dam) തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ (power generation) ആവശ്യമായ വെള്ളം. നാലു കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളമാണ് മൂന്നു ദിവസം കൊണ്ട് ഒഴുകിയത്.

ചൊവ്വാഴ്ച പതിനൊന്ന് മണിക്കാണ് ഇടുക്കി അണക്കെട്ടിൻ്റെ മൂന്നു ഷട്ടറുകൾ തുറന്നത്. സെക്കൻ്റിൽ ഒരു ലക്ഷത്തിഅയ്യായിരം ലിറ്റർ വെള്ളം വീതം പുറത്തേക്ക് ഒഴുകി. മണിക്കൂറില്‍ 378 ദശലക്ഷം ലീറ്റർ. 74 മണിക്കൂർ കഴിഞ്ഞ് രണ്ടു ഷട്ടറുകൾ അടച്ചു. ഈ സമയം കൊണ്ട് 27,657 ദശലക്ഷം ലീറ്റർ വെളളം ഒഴുകി. 

ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ വേണ്ടത് 680 ലീറ്റർ വെള്ളമാണ്. അതായത് ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം. മൂന്നു ദിവസം കൊണ്ട് നാലുകോടി യൂണിറ്റ് വൈദ്യുതി ഉപ്പാദിപ്പിക്കാനുള്ള വെളളമൊഴുകി. കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്ന കുറഞ്ഞ വിലയായ നാലര രൂപ നിരക്കിൽ കണക്കുകൂട്ടിയാല്‍ 18.30 കോടി രൂപ വരും. 

കഴിഞ്ഞയാഴ്ചകളില്‍ പീക്ക് സമയത്ത് പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയ 18 രൂപ നിരക്കില്‍ കൂട്ടിയാല്‍ 77.27 കോടി രൂപ വരും. ഈ മാസം 21 ദിവസം കൊണ്ട് 252 കോടി രൂപയുടെ വൈദ്യുതിക്കാവശ്യമായ വെള്ളം ഇടുക്കിയിലെത്തി. ശരാശരി നാലര രൂപ മാത്രം യൂണിറ്റിന് കണക്ക് കൂട്ടുമ്പോഴാണിത്. പദ്ധതി പ്രദേശത്ത് തീവ്രമഴ ലഭിച്ച 16 ന് മാത്രം 112.709 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.