തൃശൂര്‍:  തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍  പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കും. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ ടി വി അനുപമ അറിയിച്ചു. ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും കലക്ടറുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു.

അതേ സമയം തൃശൂര്‍പൂരത്തിന് ആനകളെ നല്‍കുമെന്ന് ഉടമകള്‍ വിശദമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ സമയം അനുവദിച്ചതിനാലാണ് തീരുമാനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന്  ടി വി അനുപമ വിശദമാക്കി. 

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന്  നിയമോപദേശം നല്‍കിയിരുന്നു.  പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു .