ഉമ്മൻ ചാണ്ടിയെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തിയ ചാണ്ടി ഉമ്മൻ ക്രെഡിറ്റ് ആരെടുത്താലും ​ഗുണം നാടിന് ഉണ്ടാകണമെന്നും ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ മാറ്റി നിർത്തിയത് എന്തിനെന്ന് ചോദ്യവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിപക്ഷ നേതാവ് വന്നാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയുമെന്നും അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നതെന്നും ചാണ്ടി ഉമ്മൻ ന്യൂസ് അവറിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു.

സത്യത്തെ കുറച്ചുകാലത്തേക്ക് മൂടിവെക്കാം എന്നാൽ എല്ലാക്കാലത്തേക്കും അതിനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു ശക്തിക്കും തടയാനാവില്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തിയ ചാണ്ടി ഉമ്മൻ ക്രെഡിറ്റ് ആരെടുത്താലും ​ഗുണം നാടിന് ഉണ്ടാകണമെന്നും ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു.


വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാണ്. ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എംപി ചടങ്ങില്‍ പങ്കെടുക്കില്ല. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം, പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണെന്നും പറഞ്ഞുവയ്ക്കുന്നു നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വിഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പറഞ്ഞു