പരിഷ്കരണം ഉണ്ടായില്ലെങ്കിൽ സ്ഥാപനം പ്രതിസന്ധിയിലാവും. പണിമുടക്കുപോലുള്ള സമരങ്ങൾ നടത്തി പ്രതിസന്ധിയുടെ ആക്കം കൂട്ടരുത്..  ഇത്തവണ ശമ്പളം നൽകാൻ സർക്കാറിനോട് 65 കോടി രൂപയുടെ സഹായം തേടിയെന്നും ആന്‍റണിരാജു

തിരുവനന്തപുരം; ഇപ്പോഴത്തെ രീതിയിൽ പോയാൽ കെഎസ്ആർടിസി 2030 കടക്കില്ലെന്ന സിഎംഡി ബിജു പ്രഭാകറിന്‍റെ അഭിപ്രായത്തോട് യോജിച്ച് ഗതാഗതമന്ത്രി . കെഎസ്ആർടിസി പരിവർത്തനത്തിന്റെ പാതയിലാണ്. പരിഷ്കരണം ഉണ്ടായില്ലെങ്കിൽ സിഎംഡി പറഞ്ഞപോലെ സ്ഥാപനം പ്രതിസന്ധിയിലാവും. പണിമുടക്കുപോലുള്ള സമരങ്ങൾ നടത്തി പ്രതിസന്ധിയുടെ ആക്കം കൂട്ടരുതെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. ഇത്തവണ ശമ്പളം നൽകാൻ സർക്കാറിനോട് 65 കോടി രൂപയുടെ സഹായം തേടിയതായും മന്ത്രി അറിയിച്ചു.

ശമ്പളവിതരണം വൈകുന്നു,പ്രതിഷേധമറിയിച്ച് യൂണിയനുകള്‍

ksrtcയില്‍ ഈ മാസവും ശമ്പളവിതരണം വൈകുമെന്നുറപ്പായി. മെയ് മാസത്തെ ശമ്പളം എന്ന് വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഒരുറപ്പും ആര്‍ക്കും നല്‍കാനാകുന്നില്ല. മെയ് മാസത്തെ ടിക്കറ്റ് വരുമാനം 183 കോടിയാണ്.ടിക്കറ്റ് ഇതര വരുമാനം 10 കോടി. 193 കോടി ആകെ വരുമാനം കിട്ടിയിട്ടും ശമ്പള വിതരണത്തില്‍ പ്രതിസന്ധി തുടരുകയാണ്. വരവും ചെലവും തമ്മിലുള്ള അന്തരമാണിതിന് കാരണമെന്ന് എംഡി വിശദീകരിക്കുന്നു.

ശമ്പളത്തിനും ഇന്ധനചെലവിനുമായി പ്രതിമാസം 180 കോടി വേണം.30 കോടി ബാങ്ക് വായ്പ തിരിച്ചടവുണ്ട്.ഇന്‍ഷുറന്‍സ്. സ്പെയര്‍പാര്‍ട്സ്, ടോള്‍ , എംഎസിടി ബാധ്യത എല്ലാം ചേര്‍ത്ത് പ്രതിമാസം 250 കോടിയിലേറെ ചെലവുണ്ട്.ഈ സാഹചര്യത്തില്‍ ശമ്പളവിതരണത്തിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണ്.വരവു ചെലവിലെ അന്തരം അവസാനിക്കിടത്തോളം ശമ്പള പ്രതിസന്ധി തുടരുമെന്നാണ് എംഡി വ്യക്തമാക്കുന്നത്.എല്ലാക്കാലത്തും സര്‍ക്കാരില്‍ നിന്ന് സഹായം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചുഎംഡിയുടെ ഈ നിലപാട് ശരിവച്ചുകൊണ്ടാണ് ഗതാഗതമന്ത്രിയുടെ ഇന്നത്തെ പ്രതികരണം.

also read;കണ്ടക്ടര്‍ മൂത്രപ്പുരയില്‍, യാത്രക്കാരന്‍ ബെല്ലടിച്ചു; കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ ബസ് അടൂരില്‍

ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും വായ്പ തുക ബാങ്കിൽ അടച്ചില്ല;കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്

ശമ്പളത്തില്‍ നിന്ന് പിടിച്ച ഭവന വായ്പ കെഎസ്ആര്‍ടിസി (KSRTC) ബാങ്കില്‍ അടക്കാ‌ഞ്ഞത് മൂലം ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പ മുഴുവന്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ഫണ്ടില്ലാത്തത് കൊണ്ട് വായ്പ അടക്കാന്‍ കഴിഞ്ഞില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായീകരണം

പാതിവഴിയില്‍ നിര്‍മാണം നിലച്ച സ്വപ്ന ഭവനത്തിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാർ. നാല് വര്‍ഷം മുമ്പാണ് കലവൂര്‍ ആര്യാട് നോര്‍ത്ത് കോളനിയില്‍ കുടുംബ സ്വത്തായി ലഭിച്ച പത്ത് സെന്‍റില്‍ വീട് പണി തുടങ്ങിയത്. സഹകരണ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്. ആദ്യമെല്ലാം മാസത്തവണ നേരിട്ട് അടച്ചു. പിന്നീട് രാജീവ് ജോലി ചെയ്യുന്ന ഹരിപ്പാട് ഡിപ്പോ വഴി ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ ബാങ്കിന് അനുവാദം നല്‍കി. പക്ഷെ അടുത്തിടെ ബാങ്കില്‍ നിന്ന് വന്ന ഒരു കത്ത് കണ്ടതോടെ രാജീവ് ഞെട്ടി. രണ്ടാഴ്ചക്കകം നാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരം രൂപ അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യും. ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് രാജീവ് സത്യമറിഞ്ഞത്. ശമ്പളത്തില്‍ നിന്ന് ഡിപ്പോ ഉദ്യോഗസ്ഥര്‍ തുക പിടിച്ചെങ്കിലും കഴിഞ്ഞ 5 മാസമായി ഒരു പൈസ പോലും ബാങ്കിലെത്തിയിട്ടില്ല.