Asianet News MalayalamAsianet News Malayalam

കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം ചെന്നൈ ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു

ഈ ബസ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് (UDF) കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി (KTDFC) വഹിക്കേണ്ടി വരുമെന്നും മന്ത്രി

IIT madras referred agency will be given Kozhikode KSRTC stand renovation says Minister Antony Raju
Author
Thiruvananthapuram, First Published Oct 9, 2021, 12:55 PM IST

തിരുവനന്തപുരം: ചെന്നൈ ഐഐടി (IIT Madras) നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാന്റിന്റെ (Kozhikode KSRTC bus stand) ബലക്ഷയം പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി (Transport Minister) ആന്റണി രാജു (Antony Raju). ബസ് സ്റ്റാൻഡ് സമുച്ചയ നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ അന്വേഷണത്തിന് ഉത്തരവായതാണ്. ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ബസ് സ്റ്റാൻഡ് മാറ്റാൻ കെഎസ്ആർടിസി (KSRTC) സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ ബസ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് (UDF) കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി (KTDFC) വഹിക്കേണ്ടി വരും. ഐഐടി (IIT) റിപ്പോർട്ട് കൂടി വന്ന പശ്ചാത്തലത്തിൽ വിജിലൻസ് (Vigilance) അന്വേഷണത്തിന് ഗൗരവം വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

അണ്ടർഗ്രൗണ്ടിലെ രണ്ട് നിലകളിലെ തൂണുകളിൽ രൂപകൽപ്പനയിലടക്കം പിഴവുണ്ടെന്നാണ് മദ്രാസ് ഐഐഐടി വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പ്ലാനും ഡിസൈനും നിർമ്മാതാക്കൾ നൽകാത്തതിനാൽ, ഓരോ തൂണിലും എക്സേ വഴിയായിരുന്നു 18 മാസം നീണ്ട വിദഗ്ധ പരിശോധന നടത്തിയത്. അപാകതയുടെ ഗൗരവം കണക്കിലെടുത്ത് ഐഐടി മേൽനോട്ടത്തിൽ തന്നെ കെട്ടിടം ബലപ്പെടുത്താനാണ് സർക്കാർ തീരുമാനം. ആദ്യപടിയായി വിളളൽ കണ്ടെത്തിയ തൂണുകൾക്ക് ചുറ്റും കൂടുതൽ കമ്പികൾ വച്ച് കോൺക്രീറ്റ് ചെയ്യും. തുടർന്നാവും മറ്റ് അപാകതകൾ പരിഹരിക്കുക. കെട്ടിടനിർമ്മാണത്തിന് ചെലവിട്ടതിന്റെ നാലിലൊന്ന് തുക ബലപ്പെടുത്താൻ വേണ്ടിവരുമെന്നാണ് കണക്ക്. റിപ്പോർട്ടിന്റെ ഗൗരവമുൾക്കൊണ്ട് തുടർനടപടികൾ ഗതാഗത വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് കോഴിക്കോടിന്റെ ചുമതലയുളള മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കൂ. ഐഐടി റിപ്പോർ‍ട്ട് വരുമെന്നറിഞ്ഞിട്ടും അതിന് മുന്നേ തിരക്കിട്ട് കെട്ടിടോദ്ഘാടനം നടത്തിയതും ദുരൂഹമെന്ന് ആരോപണമുണ്ട്. അതേസമയം കെട്ടിടം പൂർണമായി ഉപയോഗ ശൂന്യമെന്ന് പറയാനാകില്ലെന്നാണ് കേരള ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ വിശദീകരണം. 20 ശതമാനത്തിൽ താഴെ മാത്രമേ അപാകത കണ്ടെത്തിയിട്ടുളളൂവെന്നും കെടിഡിഎഫ്സി വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios