Asianet News MalayalamAsianet News Malayalam

ഫാത്തിമ ലത്തീഫിന്റെ മരണം: തമിഴ്‌നാട് ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലേക്ക്

  • കേസിന്റെ അന്വേഷണത്തിനായി ഫാത്തിമയുടെ ലാപ്ടോപ്പും ടാബും അന്വേഷണ സംഘം ആവശ്യപ്പെടുമെന്നാണ് വിവരം
  • കൊല്ലം പ്രിയദർശിനി നഗറിലെ വീട്ടിലെത്തി ഫാത്തിമയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തും
IIT Madras student Fathima latheef suicide case TN crime branch team to kerala
Author
Madras, First Published Nov 16, 2019, 5:25 PM IST

ചെന്നൈ: ഐഐടി മദ്രാസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലേക്ക്. കൊല്ലം പ്രിയദർശിനി നഗറിലെ വീട്ടിലെത്തി ഫാത്തിമയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്താനാണിത്.

കേസിന്റെ അന്വേഷണത്തിനായി ഫാത്തിമയുടെ ലാപ്ടോപ്പും ടാബും അന്വേഷണ സംഘം ആവശ്യപ്പെടുമെന്നാണ് വിവരം. ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാലുടൻ ഇക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് അറിയുന്നു.

അതേസമയം കേസിൽ കേന്ദ്ര സർക്കാരും ഇടപെടുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചു. ഇദ്ദേഹം കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലുമായും കൂടിക്കാഴ്ച നടത്തി. ആത്മഹത്യയിൽ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. ഇതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് സുബ്രഹ്മണ്യനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരിക്കുകയാണ്. ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.  

ഇതിനിടെ ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂർത്തിയായി. ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. കേസിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഈശ്വരമൂർത്തി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട്, നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

Follow Us:
Download App:
  • android
  • ios