Asianet News MalayalamAsianet News Malayalam

'മുട്ടുകുത്തിയനിലയില്‍ തൂങ്ങിനില്‍ക്കുകയാണ്': ഫാത്തിമയുടെ മരണത്തില്‍ നിര്‍ണായക തെളിവായി സഹപാഠിയുടെ വാട്സ് ആപ്പ് സന്ദേശം

ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി വ്യക്തമാക്കിയത് മറ്റൊന്നാണ്.

IIT madras student fathimas death: Whatsapp voice message from a classmate new evidence
Author
Chennai, First Published Nov 16, 2019, 11:25 AM IST

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടേയും കൈവശമാണ് നിര്‍ണായക തെളിവുകളുള്ളത്. ഈ തെളിവുകള്‍ കുടുംബം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.  

ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പ് വോയിസ് മെസേജ് അയച്ചിരുന്നു. ഇതില്‍ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്.  ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 

ഫാത്തിമയുടെ മൃതദേഹം കൊണ്ടുപോയത് ട്രക്കിൽ, പൊലീസ് പെരുമാറിയത് അസാധാരണമായി: വെളിപ്പെടുത്തലുമായി ബന്ധു...

ഇതോടൊപ്പം തന്‍റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭയപ്പെട്ട നിലയില്‍ ചില പ്രതികരണങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട്  ഫാത്തിമയുടെ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യപകന്‍ സുദര്‍ശന്‍ പത്മനാഭനെയടക്കം സമീപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്സ് മെസേജും കുടുംബത്തിന്‍റെ കൈവശമുണ്ട്.

ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷ്ണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. 

 ഫാത്തിമ ലത്തീഫിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിട്ടതെന്നും ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്നും ഫാത്തിമയുടെ ബന്ധു ഷെമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: തമിഴ്‌നാട്ടിൽ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി...

"ഐഐടിയിൽ നിന്ന് മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയത് ഏജൻസിയുടെ മേൽനോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്". ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചെന്നൈയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഷമീർ.

"ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്. അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു.

മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല". നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷമീർ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios