എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

തിരുവനന്തപുരം: തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കിലെയിലേതിന് സമാനമായി തൊഴില്‍വകുപ്പിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിലും സിപിഎം നേതൃത്വം പാര്‍ട്ടിക്കാരെ തിരികെക്കയറ്റിയിരിക്കുകയാണെന്നും അധികാര ദുര്‍വിനിയോഗമാണ് മന്ത്രി വി ശിവന്‍കുട്ടിയുടേതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കി, പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴില്‍നല്‍കുന്ന മന്ത്രി രാജിവച്ചൊഴിയണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. അനധികൃത നിയമനം റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍കൃഷ്ണ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഉള്‍പ്പടെ 11 പേരെയാണ് തൊഴില്‍വകുപ്പിന് കീഴിലുള്ള കിലെയില്‍ കരാറടിസ്ഥാനത്തില്‍ ഉള്‍പ്പടെ നിയമിച്ചത്. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിക്കുമെന്നും യുവജനനേതാക്കള്‍ അറിയിച്ചു.

കിലെയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻ്റ്) പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ആദ്യം എതിർത്ത ധനവകുപ്പാകട്ടെ, മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നിയമനം സാധൂകരിക്കുകയും ചെയ്തു.

തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയില്‍ 2021 ജനുവരി നാലിനാണ് സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി എത്തുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്‍കി. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വകുപ്പ്. മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞു; സ്കൂളിലെ തണല്‍ മരത്തിന്റെ ചില്ലകള്‍ മുറിച്ചെന്ന് പരാതി

വേണ്ടപ്പെട്ടവർക്ക് വാരിക്കോരി; മന്ത്രി ശിവൻകുട്ടി ഇടപെട്ട് ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം, വിവരങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്