തിരുവനന്തപുരം: തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസുകാരെ കൊണ്ട് മറ്റ് ജോലികൾ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സർക്കുലർ കാറ്റിൽപ്പറത്തിയാണ് കയറ്റിറക്ക് പണി.

ഡിജിപി ചെയർമാനായ കേന്ദ്രീയ വിദ്യാലയത്തിലാണ് പൊലീസുകാരെ കൊണ്ട് കയറ്റിറക്ക് ജോലിയെടുപ്പിക്കുന്നത്. സാധനങ്ങള്‍ മാറ്റുന്നതിനായി കേന്ദ്രീയ വിദ്യാലയത്തിന് പ്രത്യേക തുകയിരിക്കെയാണ് പൊലീസുകാരെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നത്. പേരൂർക്കട എസ് എ പി ക്യാമ്പിലെ പൊലീസ് ബാരക്കിലാണ് കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ക്യാമ്പിനുള്ളിൽ തന്നെ അടുത്തിടെ സ്കൂളിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു. ബാരക്കിൽ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലി ചെയ്യുന്നത് പൊലീസുകാരാണ്. 

ഒരു മാസം മുമ്പ് പാസിംഗ് ഔട്ട് കഴിഞ്ഞ പൊലീസുകാർക്കാണ് ചുമതല. ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിച്ചാണ് പൊലീസുകാരെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് എന്നാണ് വിവരം. ആഭ്യന്തര പരീക്ഷയിൽ മാർക്ക് കുറഞ്ഞവരോട് ഇനി ജയിക്കണമെങ്കിൽ ജോലിക്കിറങ്ങണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. നേരത്തെ എസ്എപി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരെയും ഡ്രൈവർമാരെയും ദാസ്യപ്പണിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. അതേസമയം, ബാരക്കിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സഹായം നൽകിയതാണെന്ന് കമാണ്ടൻറ് ടിഎഫ് സേവ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.