ഈ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയെഴുതി അനേകം പേര്‍ ഫലം കാത്ത് നില്‍ക്കുമ്പോഴാണ് വകുപ്പിലെ സീനിയോറിറ്റി മാത്രം പരിഗണിച്ച് ചിലരെ നിയമിക്കാൻ ശ്രമം നടക്കുന്നത്. 

തിരുവനന്തപുരം: ഇൻഫര്‍മേഷൻ-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ തസ്തികയിലേക്ക് വകുപ്പിലെ തന്നെ മാധ്യമപ്രവര്‍ത്തന പരിചയം ഇല്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാൻ നീക്കം. ഈ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയെഴുതി അനേകം പേര്‍ ഫലം കാത്ത് നില്‍ക്കുമ്പോഴാണ് വകുപ്പിലെ സീനിയോറിറ്റി മാത്രം പരിഗണിച്ച് ചിലരെ നിയമിക്കാൻ ശ്രമം നടക്കുന്നത്. ബിരുദവും രണ്ടു വർഷം മാധ്യമ രംഗത്തെ പൂർണ സമയ പ്രവർത്തന പരിചയവുമാണ് അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ ഓഫീസറാവാൻ വേണ്ട യോഗ്യത. പിഎസ്സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാൻ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പിൻവാതില്‍ നിയമന നീക്കം. പിആര്‍ഡിയിലെ പായ്ക്കര്‍, സ്വീപ്പര്‍, ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലുള്ള ബിരുദം യോഗ്യതയുള്ളവരെയാണ് സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തി തസ്തിക മാറ്റംവഴി അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ ഓഫീസറായി നിയമിക്കാന്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

2019 മാര്‍ച്ചില്‍ അന്നത്തെ പിആര്‍ഡി ഡയറക്ടറായിരുന്ന ടിവി സുഭാഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. തസ്തികമാറ്റം വഴി നിയമനത്തിനായി ശ്രമിക്കുന്ന വകുപ്പില്‍ പാക്കറായി ജോലി നോക്കി വരുന്ന ജീവനക്കാരിയും ഈ യോഗത്തില്‍ പങ്കെടുത്തു എന്നതാണ് വിചിത്രം. യോഗ്യതയില്ലാത്ത വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വ്യാജമായി മാധ്യമ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാൻ ഒരുങ്ങുകയാണ്. ഇതേ രീതിയില്‍ നിയമനം നടത്തണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ 2013ലും ഹൈക്കോടതി 2016 തള്ളിയിരുന്നു. ഇപ്പോള്‍ പിഎസ് സി ലിസ്റ്റ് വരുന്നതിന് തൊട്ട് മുൻപ് വീണ്ടും പഴയ ഫയല്‍ പൊടിതട്ടിയെടുത്തിയിരിക്കുകയാണ്. അതേസമയം നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പിആര്‍ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പ്രതികരിച്ചു.