വർഷങ്ങളായി തരിശുകിടക്കുന്നവയാണെന്നും നെൽകൃഷിക്ക്‌ അനുയോജ്യമല്ലെന്നും വാദമുന്നയിച്ചാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വ്യാപകമായി ഭൂമി നികത്തിയെടുക്കുന്നതെന്ന് നാട്ടുകാർ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മറവിൽ റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതരെ നോക്കുകുത്തികളാക്കി തെക്കേക്കര പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിലംനികത്തൽ വ്യാപകമെന്ന് പരാതി. നാട്ടുകാർ പരാതിപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ നിന്നു സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതായി ആക്ഷേപമുണ്ട്. നീർത്തട സംരക്ഷണ നിയമപരിധിയിൽ വരുന്ന പാടശേഖരങ്ങളാണ് നികത്തുന്നവയിൽ ഏറെയും. വർഷങ്ങളായി തരിശുകിടക്കുന്നവയാണെന്നും നെൽകൃഷിക്ക്‌ അനുയോജ്യമല്ലെന്നും വാദമുന്നയിച്ചാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വ്യാപകമായി ഭൂമി നികത്തിയെടുക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തെക്കേക്കര പഞ്ചായത്തിലെ പൊന്നേഴ വാർഡിൽ ഇത്താംപള്ളിൽ പാലത്തിനു തെക്ക് ടി എ കനാലിനു പടിഞ്ഞാറുവശം സ്വകാര്യ വ്യക്തി പാടം നികത്തിയതാണ് ഒടുവിലത്തെ സംഭവം. രാത്രിയുടെ മറവിൽ ടിപ്പർ ലോറികളിൽ ഗ്രാവലെത്തിച്ച് പാടം നികത്തിയെടുത്തെന്ന് നാട്ടുകാർ പറയുന്നു. പാടത്തുനിന്ന് ടി എ കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടച്ച ശേഷമാണ് നികത്തൽ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അടുത്ത വാർഡിൽ തടത്തിലാൽ കോയിക്കലേത്ത് വടക്കുഭാഗത്തും നിലം നികത്തുന്നുണ്ട്. കുറത്തികാട് ഹൈസ്കൂൾ ജങ്ഷനിൽനിന്ന് വടക്കോട്ട് മഞ്ചേരിൽ തോടുവഴി ടി എ കനാലിന്റെ അനുബന്ധ തോട്ടിലേക്കുള്ള നീരൊഴുക്കു തടസ്സപ്പെടുത്തിയാണ് ഇവിടുത്തെ നികത്തലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഉൾപ്രദേശങ്ങളിലും സമാനമായ രീതിയിൽ അനധികൃത നികത്തൽ നടക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

നിലംനികത്തൽ മൂലം മേഖലയിലെ പരമ്പരാഗത നീർച്ചാലുകൾ പലതും അപ്രത്യക്ഷമായെന്നും നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതു മൂലം മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് വ്യാപകമാണ്. വാത്തികുളം, പല്ലാരിമംഗലം, ഓലകെട്ടിയമ്പലം കിഴക്ക് പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളംകയറി ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ടി എ കനാലിൽ ജലനിരപ്പുയർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതും ഈ അനിയന്ത്രിതമായ നിലംനികത്തലിന്റെ അനന്തര ഫലമായാണെന്ന് നാട്ടുകാർ പറഞ്ഞു.