മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്. 

കാസർകോട്: മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്. 

മഹാരാഷ്ട്ര സ്വദേശി യശ്‍ദീപിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് കരുതുന്നത്. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി. ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. കർണാടക വഴിയുള്ള കുഴൽപ്പണ കടത്ത് വ്യാപകമാകുന്നതായാണ് വിവരം.

ആര്‍ടിഒ രേഖകള്‍ പെട്ടിക്കടയില്‍, ഒന്നരലക്ഷത്തില്‍ അധികം പണവും, വിജിലന്‍സ് പരിശോധന

ചേവായൂരിലെ ആര്‍ ടി ഓഫീസിന് സമീപത്തെ ഓട്ടോ കണ്‍സല്‍ട്ടിങ്ങ് സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ പിടികൂടി. കണക്കില്‍പ്പെടാത്ത ഒന്നര ലക്ഷം രൂപയും സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തു. ഈ സ്ഥാപനം മുഖേന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

ചേവായൂരിലെ ആര്‍ ടി ഓഫീസിലെ അഴിമതി സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സമീപത്തെ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ സ്ഥാപനം വഴി രേഖകള്‍ കൈമാറി കൈക്കൂലി പണം പറ്റുന്നുവെന്നായിരുന്നു ആക്ഷേപം.

വിജിലന്‍സിന്‍റെ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒപ്പോട് കൂടിയ രേഖകള്‍ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്നും പിടികൂടി. ഇടപാടുകാര്‍ക്ക് നല്‍കാനായി സൂക്ഷിച്ച സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു.

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ വഴി നല്‍കേണ്ട രേഖകളാണ് ഇവയെല്ലാം. ഒന്നര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇത് കൈക്കുലിയായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ അപേക്ഷകര്‍ നല്‍കിയതാണെന്നാണ് സൂചന. മോട്ടോര്‍ വാഹനവകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.