അനധികൃത അവയവകൈമാറ്റ കേസിൽ മുഖ്യപ്രതി നജീബ് പിടിയിലായതോടെ അന്വേഷണം മൂന്ന് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ആശുപത്രികളുടെ പങ്കും ഉന്നത ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. നജീബിന്റെ ഡയറിയും പാസ്‌പോർട്ടും അടക്കമുള്ള നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു
കൊച്ചി: വ്യാജ രേഖ ഉണ്ടാക്കി അനധികൃത അവയവകൈമാറ്റം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. ആലുവ റൂറലിന് പുറമെ സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തും. ഡി സി പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിൽ നിന്ന് പൊലീസ് പിടികൂടിയ മുഖ്യപ്രതി നജീബ് കല്ലട്ര മൂന്നുവർഷമായി അനധികൃത അവയവദാന ഇടപാട് ശൃംഖലയുടെ ഭാഗമെന്നാണ് പൊലീസ് കണ്ടെത്തൽ. നജീബിൻ്റെ ഇടപെടലിൽ നടന്നതായി സംശയിക്കുന്ന പത്തിലേറെ അവയവദാനങ്ങളെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. നജീബ് സാമ്പത്തിക തട്ടിപ്പടക്കം 12 കേസുകളിൽ പ്രതിയെന്ന വിവരവും പൊലീസിന് കിട്ടി. നജീബിന് രാഷ്ട്രീയ നേതാക്കളടക്കം സമൂഹത്തിലെ ഒട്ടേറെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നിരിക്കെ ഈ ബന്ധങ്ങള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

ആശുപത്രികളുടെ അറിവോടെയോ രേഖ ചമയ്ക്കൽ?
നേരത്തേ എറണാകുളം റൂറൽ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിൽ പ്രതികൾ സിറ്റി കേന്ദ്രീകരിച്ച് താമസിച്ചിട്ടുണ്ടെന്നും ചില രേഖകൾ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. സിറ്റി പരിധിയിൽ വരുന്ന അമ്പലമേട് സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊച്ചി സിറ്റി ഡി സി പിയുടെ നേതൃത്വത്തിൽ തൃക്കാക്കര എ സി പിയെ അടക്കം ഉൾക്കൊള്ളിച്ച് സിറ്റി പരിധിയിലും അന്വേഷണ സംഘം രൂപീകരിച്ചത്. കേസിൽ ജില്ലാതലത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ സംസ്ഥാനതല സംഘം രൂപീകരിക്കാനും പൊലീസ് ഒരുങ്ങുന്നു. കാസർകോട് മുതൽ കൊല്ലം വരെ ഉള്ള സ്റ്റേഷനുകളിൽ അന്വേഷണം നടക്കുകയാണ്. ആശുപത്രികളുടെ അറിവോടെയാണോ രേഖ ചമച്ചത് എന്ന കാര്യവും പരിശോധിക്കും.
3 ജില്ലകളിലായി അന്വേഷണമെന്ന് റൂറൽ എസ് പി
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മൂന്ന് ജില്ലകളിലായി അന്വേഷണം നടക്കണമെന്നും എറണാകുളം റൂറൽ എസ് പി കെ എസ് സുദർശൻ വ്യക്തമാക്കി. സംസ്ഥാനതലത്തിൽ എസ് ഐ ടി ഉണ്ടാകും. നജീബാണ് നിലവിൽ പ്രധാന പ്രതി. നിരവധി കേസിലെ പ്രതിയാണ് നജീബ്. കൂടുതൽ പ്രതികളുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുവെന്നും റൂറൽ എസ് പി വ്യക്തമാക്കി. അവയവ കൈമാറ്റത്തിന് പിന്നിൽ രാജ്യന്തരബന്ധമുണ്ടോ എന്നും പരിശോധിക്കും. നജീബിന്‍റെ പാസ്പോർട്ട്, ഫോൺ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡയറി കണ്ടെത്തിട്ടുണ്ടെന്നും റൂറൽ എസ് പി വിവരിച്ചു.

