മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാൻ അനുമതി നല്‍കിയ ഉദ്യോഗസ്ഥതല ഉത്തരവ് നിലവിലുള്ള നിയമങ്ങളെ മറികടന്നുള്ളതെന്ന് ഹൈക്കോടതി. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമർശനം.

പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ നിലവിലുള്ള നിയമങ്ങൾ മറികടന്ന് ഉദ്യോഗസ്ഥല ഉത്തരവിട്ടത് കോടതിയെ അസ്വസ്ഥമാക്കുന്നുവെന്നാണ് ജസ്റ്റിസ് കെ ഹരിപാലിന്‍റെ വിമർശനം. ജാമ്യ ഉത്തരവിൽ കൂടതൽ കാര്യങ്ങൾ പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറുടെ നടപടികളെ രൂക്ഷമായി വമിർശിച്ചു. വില്ലേജ് ഓഫീസർ മരം മുറിയ്യ്ക്കുള്ള തുക പ്രതികൾ കെട്ടിവെച്ചോ എന്നത്പോലും അന്വേഷിച്ചില്ല. മരം മുറിച്ച് കഴിഞ്ഞപ്പോൾ മാത്രമാണ് പരിശോധനയ്ക്ക് തയ്യാറായത്. വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമർശിച്ചു.രേഖകൾ പരിശോധിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് പ്രതികൾ മരം മുറിച്ചതെന്ന് കാണുന്നു. റോജി അഗസ്റ്റിൻ മരക്കന്പനിയ്കിൽ 10000 ക്യൂബിക് ഈട്ടിത്തടി നൽകാമെന്നേറ്റ് ഒരു കോടി നാൽപ്പത് ലക്ഷം അഡ്വാൻസ് വാങ്ങി. എവിടെ നിന്നാണ് ഇത്രയും മരങ്ങൾ ഇദ്ദേഹത്തിന് നൽകാൻ കഴിയുക. പ്രതികളുടെ കൈകൾ ശുദ്ധമല്ല.അതിനാൽ റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, അന്‍റോ അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

 അതിനിടെ പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി തേടി മൂന്നാറിലെ അതിജീവന പോരാട്ടവേദി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഈ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona