കൊച്ചി: അനധികൃത മദ്യവിൽപ്പന നടത്തിയ പെരുമ്പാവൂർ കോട്ടപ്പടി ക്ലബിനെതിരെ എക്സൈസ് കേസെടുത്തു. അനധികൃത മദ്യവിൽപ്പന സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ക്ലബ്ബിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് റെയ്ഡ് നടത്തി. 

സ്റ്റോക്ക് രജിസ്റ്ററിൽ കൈവശമുള്ള മദ്യത്തിന്‍റെ അളവ് രേഖപ്പെടുത്താത്തതിനും ക്ലബിനുളളിൽ മദ്യകമ്പനിയുടെ പരസ്യ ബോർഡ് സ്ഥാപിച്ചതിനും ക്ലബിനെതിരെ രണ്ട് കേസുകളാണെടുത്തത്. അനധികൃത മദ്യക്കച്ചവടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ക്ലബുകൾക്കുളള ബാർ ലൈസൻസിന്‍റെ മറവിൽ സംസ്ഥാനത്ത് ലക്ഷങ്ങളുടെ അനധികൃത മദ്യക്കച്ചവടം നടക്കുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സമാന്തര ബാറുകൾ ഉണ്ടാക്കിയാണ് സർക്കാരിന് വൻ നികുതി നഷ്ടം ഉണ്ടാക്കുന്ന വിൽപ്പന നടക്കുന്നത്. 

എറണാകുളം പെരുമ്പാവൂരിലെ കോട്ടപ്പടി ക്ലബ് ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്ന മദ്യത്തിന്‍റെ കണക്കുകളാണ് അനധികൃത മദ്യവിൽപ്പനയെന്ന സംശയത്തെ ബലപ്പെടുത്തിയത്. ഇരുന്നൂറ് അംഗങ്ങൾ പോലുമില്ലാത്ത കോട്ടപ്പടിയിലെ ക്ലബിൽ ലക്ഷങ്ങളുടെ മദ്യമാണ് ഓരോ മാസവും ഒഴുകുന്നത്.

Also Read: ക്ലബുകൾക്കുളള ബാർ ലൈസൻസിൻറെ മറവിൽ ലക്ഷങ്ങളുടെ അനധികൃത മദ്യക്കച്ചവടം