കൊച്ചി: ക്ലബുകൾക്കുളള ബാർ ലൈസൻസിൻറെ മറവിൽ സംസ്ഥാനത്ത് ലക്ഷങ്ങളുടെ അനധികൃത മദ്യക്കച്ചവടം. സമാന്തര ബാറുകൾ ഉണ്ടാക്കിയാണ് സർക്കാരിന് വൻ നികുതി നഷ്ടം ഉണ്ടാക്കുന്ന വിൽപ്പന നടക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.

എറണാകുളം പെരുമ്പാവൂരിലെ കോട്ടപ്പടി ക്ലബ്  ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്ന മദ്യത്തിൻറെ കണക്കുകളാണ് അനധികൃത മദ്യവിൽപ്പനയെന്ന സംശയത്തെ ബലപ്പെടുത്തിയത്. ഇരുന്നൂറ് അംഗങ്ങൾ പോലുമില്ലാത്ത കോട്ടപ്പടിയിലെ ക്ലബിൽ ലക്ഷങ്ങളുടെ മദ്യമാണ് ഓരോ മാസവും ഒഴുകുന്നത്. എന്നാൽ ക്ലബിൽ ചുരുക്കം ചില അംഗങ്ങൾ മാത്രമാണ് മദ്യപിക്കാനെത്തുന്നത്.  

വിനോദസഞ്ചാരികളെന്ന പേരിലാണ് ഏഷ്യാനെറ്റ് സംഘം ക്ലബ്ബിലെത്തിയത്.  മദ്യം വേണമെന്ന് സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടു.  ഇയാൾ അറിയിച്ചതനുസരിച്ച് ക്ലബ്ബ് അംഗങ്ങളെത്തി. ആവശ്യം പറഞ്ഞപ്പോൾ അകത്തെ ബാറിലേക്ക് കൊണ്ടുപോയി.  യാതൊരു മുൻ പരിചയവും ഇല്ലാതെ തന്നെ ആവശ്യപ്പെട്ട് ബ്രാൻറ് മദ്യം നൽകുകയായിരുന്നു.

അംഗങ്ങളല്ലാത്ത പലരും ക്ലബ്ബിനകത്തിരുന്ന് മദ്യപിച്ച ശേഷം പാഴ്സൽ വാങ്ങി പോകുന്നത് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ കോട്ടപ്പടി ക്ലബ്ബ് വാങ്ങിയത് 13 ലക്ഷം രൂപയുടെ മദ്യമാണ്. മെയ്, ജൂൺ മാസങ്ങളിൽ ശരാശരി പന്ത്രണ്ട് ലക്ഷം രൂപയുടെ മദ്യം വാങ്ങിയിരുന്നു. വില കുറഞ്ഞ മദ്യമാണ് വിൽപ്പന നടത്തുന്നതിൽ കൂടുതലും. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വിൽപ്പനയെന്നാണ് നിഗമനം.

ഋഷി രാജ് സിംഗ് എക്സൈസ് കമ്മീഷണർ ആയിരിക്കെ, കഴിഞ്ഞ ജനുവരിയിൽ കോട്ടപ്പടി ക്ലബ്ബിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വാങ്ങുന്ന മദ്യത്തിന്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞു. ഋഷിരാജ് സിംഗ് മാറിയതോടെ വീണ്ടും പഴയ പടിയായി.

അനധികൃത മദ്യക്കച്ചവടം അറിഞ്ഞിട്ടും എക്സൈസ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാണ് വിവരം. അതിനാലാണ് ബിവറേജസ് കോർപ്പറേഷനിൽ നിന്നും ഓരോ മാസവും ഇവിടേക്ക് വാങ്ങുന്ന മദ്യത്തിൻറെ അളവ് കൂടി വരുന്നത്.