Asianet News MalayalamAsianet News Malayalam

'സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം'; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണമെന്ന് ഐഎംഎ

സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തതോടൊപ്പം ബാറുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു. മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച്, സമുദായ നേതാക്കള്‍ ആലോചിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണം

ima says bars should shut down in kerala to prevent covid 19
Author
Thiruvananthapuram, First Published Mar 13, 2020, 8:20 PM IST

തിരുവനന്തപുരം: കൊവിഡ് 19 രോഗ ഭീഷണിയെ അതിജീവിക്കുവാനായി കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ യോഗം വിലയിരുത്തി. സംസ്ഥാനത്ത് നിലവിലുള്ള കൊറോണ ഭീഷണിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐഎംഎ ആസ്ഥാനത്ത് വിശദമായ ചര്‍ച്ച നടത്തി. 

കൊറോണ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും വീടിന് പുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുകയുമാണെന്നും യോഗം വിലയിരുത്തി. സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തതോടൊപ്പം ബാറുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു.

മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച്, സമുദായ നേതാക്കള്‍ ആലോചിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണം. സമൂഹത്തില്‍ ഉടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാന്‍  ഇടയുള്ളതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വളരെ ഉയര്‍ന്ന തോതില്‍ ഈ രോഗം പടരുന്ന സ്ഥിതി വിശേഷത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ  ആശുപത്രിയിലെ ഡോക്ടര്‍മാരേയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും ഈ സ്ഥിതി വിശേഷം നേരിടുവാനുള്ള പരിശീലനം നല്‍കുവാന്‍ ഐഎംഎ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

റെസ്പിറേറ്ററി ഹൈജീന്‍, അതായത് ചുമക്കുകയും, തുമ്മുകയും ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ രീതികളും, കൈകള്‍ തുടര്‍ച്ചയായി കഴുകുന്നതിന്റെ പ്രാധാന്യവും വീണ്ടും, വീണ്ടും പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മാസ്‌ക് ഉപയോഗത്തില്‍ നിലവിലുള്ള ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണ്.

രോഗ ലക്ഷണം ഉള്ളവരും, രോഗിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുമാണ് മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടത്. എയര്‍പോര്‍ട്ടുകളിലെ സ്‌ക്രീനിങ് പദ്ധതികള്‍ കൂടുതല്‍ കുറ്റമറ്റതാക്കണം. സ്‌ക്രീനിങ് രീതികള്‍ കര്‍ശനമാക്കുമ്പോള്‍ തന്നെ രോഗ നിയന്ത്രണത്തില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios