പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ ഇന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍ നാളെ മലപ്പുറം ജില്ലയിലും ബുധനാഴ്ച്ച മുതല്‍ സംസ്ഥാന തലത്തിലേക്കും പണിമുടക്ക് വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

മലപ്പുറം: പെരിന്തല്‍മണ്ണ (Perintalmanna) ഇഎംഎസ് സഹകരണ ആശുപത്രിയില്‍ (EMS Memorial Co-operative ഹോസ്പിറ്റൽ) ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്തമാക്കുന്നു. പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ ഇന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍ നാളെ മലപ്പുറം ജില്ലയിലും ബുധനാഴ്ച്ച മുതല്‍ സംസ്ഥാന തലത്തിലേക്കും പണിമുടക്ക് വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ട് എ വി ജയകൃഷ്ണൻ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മര്‍ദ്ദനമേറ്റത്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ഡോക്ടറേയും ജീവനക്കാരേയും കയ്യേറ്റം ചെയ്തത്. ആശുപത്രിക്ക് നാശനഷ്ടങ്ങളും ഉണ്ടാക്കി.

പ്രതിഷേധക്കാരുമായി പിന്നീട് മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയില്‍ ആശുപത്രിയുടെ നഷ്ടമടക്കമുള്ള കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍ ആക്രമിച്ചവരെയല്ലാം അറസ്റ്റ് ചെയ്യണമെന്ന നിലപാട് ഡോക്ടര്‍മാര്‍ ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഓരാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് ഐഎംഎയുടെ തീരുമാനം.

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയെന്നും അക്രമികള്‍ക്ക് പൊലീസ് കുടപിടിക്കുകയാണെന്നും ഇന്നലെ ഐഎംഎ പറഞ്ഞിരുന്നു. പരാതി നല്‍കിയാലും പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നുമാണ് ഐഎംഎയുടെ വിമര്‍ശനം.